ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ 30 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇസ്രയേല്‍ ഇടപെടല്‍ സംബന്ധിച്ച ആരോപണം അന്വേഷിക്കണമെന്നു കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സഹായം തേടിയെന്നു കോണ്‍ഗ്രസ് വക്താവ് പവന് ഖേര ആരോപിച്ചു. ഇസ്രായേല്‍ സ്പെഷല്‍ ഫോഴ്സ് മുന്‍ അംഗമായ താല് ഹനാന് അംഗമായ ടീം ജോര്‍ജ് സംഘമാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി തെറ്റായ പ്രചാരണം നടത്തിയതെന്നു കണ്ടെത്തിയിരുന്നു. മോദി സര്‍ക്കാര്‍ ഇസ്രായേല്‍ ”ടീം ജോര്ജു”മായി കൈകോര്‍ക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചു.
ഇത് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ നേരിട്ട് ബാധിക്കും. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ജിമെയില്‍ തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന സാമൂഹിക പ്ലാറ്റ്ഫോമുകളില്‍ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതിന് ഉത്തരവാദി ഇസ്രായേല്‍ സംഘത്തിനാണെന്നും പവന് ഖേര പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിയോടെയാണ് അട്ടിമറിയുണ്ടായത്.
ബി.ജെ.പിയുടെ ഐടി സെല്ലാണു പലപ്പോഴും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രധാനമന്ത്രിയെ പിന്തുടരുന്ന അക്കൗണ്ടുകളില്‍ 60 ശതമാനവും വ്യാജമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.



