റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുല്‍വാമയില്‍ വിമര്‍ശവുമായി ദിഗ്വിജയ്; തിരിച്ചടിച്ച് ശിവരാജ് സിങ് ചൗഹാന്‍

February 15, 2023 - 11:55 am

ഭോപ്പാല്‍: പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ ട്വീറ്റിനെതിരെ ബി.ജെ.പി. നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍. ദിഗ്വിജയ് സിങിന്റെ സംസാര ഭാഷ പാകിസ്താന്റേത് പോലെയെന്ന് ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു. 2019-ല്‍ 40 സൈനികര്‍ വീരമൃത്യുവരിക്കാനിടയാക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തിന് കാരണം രഹസ്യാന്വേഷണ ഏജന്‍സികളുടെ പരാജയമായിരുന്നു എന്നായിരുന്നു ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തത്.

”പുല്‍വാമയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നഗ്‌നമായ പരാജയം മൂലമാണ് ഇന്ന് 40 സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കേണ്ടിവന്നത്. എല്ലാ രക്തസാക്ഷികളുടേയും കുടുംബാംഗങ്ങള്‍ യഥാവിധം പുനരധിവസിക്കപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു”- എന്നായിരുന്നു ദിഗ്വിജയ് സിങ്ങിന്റെ ട്വീറ്റ്.

സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനാണ് ദിഗ്വിജയ് സിങ് ശ്രമിക്കുന്നതെന്ന് ഇതിന് മറുപടിയായി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ”ഞാന്‍ വിചാരിക്കുന്നത്, ദിഗ്വിജയ് സിങ്ങിന്റെ വിവേകം നഷ്ടപ്പെട്ടുവെന്നാണ്, അത് അദ്ദേഹത്തിന്റെ പരാജയമാണ്. അദ്ദേഹം രാജ്യത്തെ സൈന്യത്തെ അപമാനിച്ചിരിക്കുകയാണ്. പാകിസ്താനെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനാണ് ദിഗ്വിജയ് സിങ് ശ്രമിക്കുന്നത്”, അദ്ദേഹം ആരോപിച്ചു.
ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറുപടി പറയണമെന്ന് ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ദിഗ്വിജയ് സിങിന്റെ മനസില്‍ രാജ്യത്തിനും സൈന്യത്തിനും എതിരെ സംസാരിക്കാനുള്ള വിത്തുപാകിയത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *