അന്റാക്യ/ഇസ്‌കെന്‍ഡറണ്‍: കഴിഞ്ഞയാഴ്ച തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന്, എര്‍ദെം അവ്‌സറോ ഗ്ലുവിന്റെ സഹോദരിയും ഭര്‍ത്താവും രണ്ടു കുട്ടികളും അന്റാക്യയിലെ (പഴയ അന്തോഖ്യ) തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലായി. എന്നിട്ടും അവരില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകരുമായി സംസാരിക്കാനും അവര്‍ക്കായി. പക്ഷേ, ഒന്നര ദിവസത്തിനപ്പുറം എല്ലാം തുലഞ്ഞു. ജനറേറ്ററില്‍നിന്നു കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലേക്ക് ചൊവ്വാഴ്ച രാത്രി തീപടര്‍ന്നതാണ് ദുര്‍നിമിത്തമായത്. മണിക്കൂറുകളോളം തീ ആളിപ്പടര്‍ന്നപ്പോള്‍, പ്രൊഫഷണല്‍ അഗ്‌നിശമന സേനാംഗമായ അവ്‌സാറോ ഗ്ലുവിന് തേങ്ങലോടെ നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ.
തീപിടിത്തം കഴിഞ്ഞതും അവരുടെ ശബ്ദം നിലച്ചു. ഏകദേശം അഞ്ച് ദിവസത്തിനിപ്പുറവും കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് ചൂട് പുറത്തുവന്നുകൊണ്ടിരുന്നു. ഇപ്പോള്‍ ദിവസം ഏഴ് പിന്നിട്ടു. തെരിച്ചിലിനിറങ്ങിയവര്‍ മടുത്തു. മൃതദേഹങ്ങള്‍ ഛിന്നഭിന്നമാകാതെ കിട്ടണേ എന്ന പ്രാര്‍ഥനയേ ഉള്ളൂ ഇപ്പോള്‍.
21-ാം ബ്ലോക്കില്‍ താമസിച്ചിരുന്ന എണ്‍പതോളം പേരെ തീപിടിത്തത്തിനു മുമ്പ് രക്ഷിച്ചു. 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബാക്കി 47 പേരെ കാണാനില്ല. കണ്ടെടുത്ത മൃതദേഹങ്ങളുടെ സ്ഥിതി കൂടുതല്‍ വേദനാജനകമാണ്. തീപിടിത്തം കാരണം ചില കുടുംബങ്ങള്‍ക്ക് അസ്ഥികള്‍ മാത്രമാണ് കിട്ടിയതെന്നും അവ്‌സാറോ ഗ്ലൂ പറഞ്ഞു.
10 വര്‍ഷം പഴക്കമുള്ള കെട്ടിടം എങ്ങനെ തകര്‍ന്നു എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ചുറ്റുപാടുമുള്ള നിരവധി പഴയ കെട്ടിടങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ നില്‍ക്കുന്നു. അതിനിടെ, രക്ഷാദൗത്യത്തില്‍ സര്‍ക്കാരിന്റെ പിന്തുണ വേണ്ടത്ര കിട്ടുന്നില്ലെന്ന പരാതിയും പരക്കെ അമര്‍ഷത്തിനു വഴിമാറി. വേണ്ടത്ര രക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ 40-50 പേരെക്കൂടി രക്ഷിക്കാമായിരുന്നുന്നെന്നും ദൗത്യത്തിലുള്ളവരുടെ വാക്കുകള്‍.
റിക്ടര്‍ സ്‌കെയിലില്‍ 7.8, 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം ഇന്നലെവരെ തുര്‍ക്കിയില്‍ 30,000-ത്തിനടുത്തും സിറിയയില്‍ 4,500-ലധികവുമാണ്.

