ചെന്നൈ: എല്‍.ടി.ടി.ഇ. സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്നു വേള്‍ഡ് ഫെഡറേഷന്‍ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി. നെടുമാരന്‍. ശ്രീലങ്കയില്‍ രാജപകെ്‌സ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തലെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, പ്രഭാകരന്‍ കൊല്ലപ്പെട്ടതായി തെളിവുകളുണ്ടെന്നു ശ്രീലങ്കന്‍ സേന വ്യക്തമാക്കി. 2009 മേയ് 18 നാണു പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്ക സ്ഥിരീകരിച്ചത്.
പ്രഭാകരന്‍ ആരോഗ്യവാനാണെന്നുള്ള വാര്‍ത്ത അദ്ദേഹത്തിന്റെ അറിവോടെയാണു പുറത്തുവിടുന്നതെന്നു പി. നെടുമാരന്‍ തഞ്ചാവൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പ്രത്യേക തമിഴ് രാജ്യം സംബന്ധിച്ചുള്ള പദ്ധതികള്‍ അദ്ദേഹം ജനങ്ങളെ അറിയിക്കും. ഇതാണ് ഒരു തിരിച്ചുവരവിനുള്ള അനുയോജ്യമായ സമയം- നെടുമാരന്‍ പറഞ്ഞു. തന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ പ്രഭാകരന്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. -അദ്ദേഹം അവകാശപ്പെട്ടു.
പ്രഭാകരന്‍ 2009ല്‍ ദൗത്യസേനയുടെ വെടിയേറ്റാണു മരിച്ചതെന്നു ശ്രീലങ്കന്‍ സൈന്യം അറിയിച്ചു. പ്രഭാകരന്റെ മൃതദേഹം മുന്‍ സഹപ്രവര്‍ത്തകന്‍ മുരളീധരനാണു തിരിച്ചറിഞ്ഞത്. മേയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. പ്രഭാകരനും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടതായി അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു.

