കൊച്ചി ഒക്ടോബര്‍ 4: എറണാകുളത്തെ മരട് ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി അവസാനിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടു മണി വരെയായിരുന്നു കുടുംബങ്ങള്‍ക്ക് ഒഴിയാനായി അനുവദിച്ചിരുന്ന സമയം. ഒഴിപ്പിക്കേണ്ട 326 ഫ്ളാറ്റുകളില്‍ നിന്ന് 243 കുടുംബങ്ങള്‍ ഒഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. 83 കുടുംബങ്ങള്‍ ഇനിയും ഒഴിയാനുണ്ട്.
പല ഫ്ളാറ്റുകളില്‍ നിന്നും സാധനങ്ങള്‍ പൂര്‍ണ്ണമായി മാറ്റാനായിട്ടില്ല. സാധനങ്ങള്‍ താഴെയെത്തിക്കാന്‍ ലിഫ്റ്റുകളില്ലാത്തതിനാല്‍ കയറില്‍ കെട്ടിയാണ് ഇറക്കുന്നത്. ഒഴിഞ്ഞു പോകാന്‍ എല്ലാവരെയും സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. പുനരധിവാസത്തിനായി 42 ഓളം ഫ്ളാറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ സമയം ആവശ്യപ്പെടുന്നവര്‍ക്ക് പരിശോധിച്ച് ആവശ്യാനുസരണം സമയം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരട് ഫ്ളാറ്റ് കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

