ഗാബ്‌റോണ്‍(ബോട്‌സ്വാന): തെക്കേ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ രണ്ടുമാസത്തിനുള്ളില്‍ 350ഓളം കാട്ടാനകള്‍ കൂട്ടമായി ചരിഞ്ഞത് ആശങ്ക വര്‍ധിപ്പിക്കുന്നു. നടന്നുപോകുന്ന കാട്ടാനകള്‍ മുഖം അടിച്ച് കമിഴ്ന്നുവീണ് മൃതിയടയുകയാണ്. പരിക്കുകളോ വേട്ടയാടലിന്റെ ലക്ഷണങ്ങളോ ഒന്നുമില്ല. വിഷബാധയോ ആന്ത്രാക്‌സ് പോലെയുള്ള രോഗങ്ങള്‍ ബാധിച്ചതാണോയെന്ന് അന്വേഷിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളക്കെട്ടുകള്‍ക്കു സമീപമാണ് 70 ശതമാനം ആനകളുടെയും അവശിഷ്ടങ്ങള്‍ കാണപ്പെട്ടത്. വരള്‍ച്ചയുടെ സീസണ്‍ അല്ലാതിരുന്നിട്ടും ഇത്രയധികം ആനകള്‍ ചരിഞ്ഞതില്‍ വനംവകുപ്പ് അധികൃതര്‍ ഉല്‍ക്കണ്ഠാകുലരാണ്. ആനകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിച്ച കഴുകന്മാര്‍ക്ക് കുഴപ്പമൊന്നുമില്ലാതാനും. ഇതിനിടെ, ചരിഞ്ഞ ആനകളുടെ കൊമ്പ്, പല്ല്, നഖം മുതലായവ തസ്‌കരന്മാര്‍ കൊണ്ടുപോകാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കോവിഡ് മഹാമാരിക്കിടെ കാട്ടാനകളുടെ ദുരൂഹമായ കൂട്ടമരണവും ആശങ്ക സൃഷ്ടിക്കുകയാണ്. കാട്ടാനകള്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ടെന്ന് പരാതി രാജ്യത്തുനിന്ന് ഉയര്‍ന്നിരുന്നു. ആനകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ കൊലപ്പെടുത്തുന്നതാവാനും സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഫ്രിക്കയുടെ ഇതരഭാഗങ്ങളില്‍ ആനകളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ ബോട്‌സ്വാനയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആനകളുടെ എണ്ണം 80,000ല്‍ നിന്ന് 1,34,000 ആയി ഉയര്‍ന്നിട്ടുണ്ട്.

