റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാക്കേക്കടവ് – നേരെകടവ് പാലം നിര്‍മാണത്തിന് പുതുജീവന്‍

ആലപ്പുഴ: നാളുകള്‍ നീണ്ട സ്തംഭനാവസ്ഥയ്ക്ക് ശേഷം അരൂര്‍ വൈക്കം മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം നിര്‍മാണത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. ചൊവ്വാഴ്ച പാലത്തിന്റെ നിര്‍മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പാലം നിര്‍മാണം പുനരാരംഭിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ നീക്കുമെന്ന് ഉറപ്പ് നല്‍കി. പഴയ എസ്റ്റിമേറ്റ് തുക പുതുക്കുന്നതിന് വേണ്ട നടപടികള്‍ വേഗമാക്കാന്‍  ഇടപെടല്‍ നടത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.  എസ്റ്റിമേറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചാലുടന്‍ 
പാലം നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അതിനുള്ള എല്ലാം സഹായങ്ങളും ഉറപ്പാക്കുമെന്നും ദലീമ ജോജോ എം.എല്‍.എ. അറിയിച്ചു. 

പാലത്തിന്റെ അപ്പ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ആറ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്. പാലം നിര്‍മാണത്തിന് ആവശ്യമായ സ്ഥലമേറ്റടുക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ്  നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നത്. തുടര്‍ന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാക്കേക്കടവിലും നേരേകടവിലുമായി 32 ഭൂവുടമകളില്‍ നിന്നായി 20 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് റേറ്റ് റിവിഷന്‍ സംബന്ധിച്ച പ്രശ്‌നം ഉയര്‍ന്നുവന്നത്. നിര്‍മാണം വൈകിയതുമൂലം ഉണ്ടായ അധിക ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍മാണ കമ്പനിയുടെ അപേക്ഷകൂടി പരിഹരിക്കുന്നതോടെ പാലം നിര്‍മാണം പുനരാരംഭിക്കുവാനാകും. 

തുറവൂര്‍- പമ്പ പാതയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ്- മാക്കേകടവ് പാലം. ആദ്യ പാലമായ തൈക്കാട്ടുശ്ശേരി- തുറവൂര്‍ പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. ആലപ്പുഴ- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേകടവ് പാലത്തിന് 800 മീറ്റര്‍ നീളവും 750 മീറ്റര്‍ ക്യാരേജ് വേയുമാണുള്ളത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതകളുമുണ്ട്. 22 സ്പാനോടുകൂടിയ പാലത്തിന്റെ നടുഭാഗത്തായി 47.16 മീറ്റര്‍ നീളത്തില്‍ നാവിഗേഷന്‍ സ്പാനും 35.76 മീറ്റര്‍ നീളമുള്ള നാല് സ്പാനുകളും 35.09 മീറ്റര്‍ നീളമുള്ള 16 സ്പാനുകളുമാണുള്ളത്. അതില്‍ മധ്യഭാഗത്തെ 47 മീറ്റര്‍ നീളത്തിലുള്ള രണ്ടു സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 

2011-12 വര്‍ഷത്തെ ബജറ്റിലാണ് തുറവൂര്‍-പമ്പാ റോഡിനായി 151 കോടി രൂപ പ്രഖ്യാപിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ നേരേകടവ് – മാക്കേകടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.തുറവൂരില്‍ നിന്നും ആരംഭിച്ച് തൈക്കാട്ടുശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊന്‍കുന്നം, എരുമേലി വഴി പമ്പയില്‍ എത്തുന്നതാണ് പാത. തുറവൂര്‍ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, എരുമേലി തുടങ്ങി ഒട്ടേറെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നു പോകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *