ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ വെട്ടിലാക്കി സാമ്പത്തികത്തട്ടിപ്പ് കേസ് പ്രതിയും മലയാളിയുമായ സുകേഷ് ചന്ദ്രശേഖര്‍. പാര്‍ട്ടിക്ക് 60 കോടിയോളം രൂപയും മന്ത്രി സത്യേന്ദ്ര ജയിന് 10 കോടി രൂപയും നല്‍കിയെന്നു വെളിപ്പെടുത്തല്‍.
ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയില്‍ സുപ്രധാന സ്ഥാനത്തിനും രാജ്യസഭാ സീറ്റിനുമായാണ് 60 കോടിയിലേറെ രൂപ ആം ആദ്മി പാര്‍ട്ടിക്കു നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിലായ എ.എ.പി. മന്ത്രി സത്യേന്ദര്‍ ജെയിന് 10 കോടി രൂപ നല്‍കാന്‍ നിര്‍ബന്ധിതനായെന്നുംഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേനയ്ക്കു നല്‍കിയ കത്തില്‍ സുകേഷ് വെളിപ്പെടുത്തി.സാമ്പത്തികത്തട്ടിപ്പു കേസില്‍ പ്രതിയായി തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെ തന്റെ സുരക്ഷ ഉറപ്പാക്കാമെന്നു വാഗ്ദാനംചെയ്ത് 2019-ല്‍ സത്യേന്ദര്‍ ജെയിന് 10 കോടി രൂപ തട്ടിയെടുത്തതായും സുകേഷ് ആരോപിച്ചു. ജയിലില്‍വച്ച് ജെയിന്‍ തന്നെ കഠിനമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും സുകേഷിന്റെ കത്തിലുണ്ട്. ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയലിന് 12.50 കോടി രൂപ നല്‍കിയതായും സുകേഷ് ആരോപിച്ചു. അണ്ണാ ഡി.എം.കെയുടെ ചിഹ്നം അഴിമതിക്കേസില്‍ 2017-ലാണ് സുകേഷ് ആദ്യമായി അറസ്റ്റിലാകുന്നത്. പിന്നാലെ വ്യവസായികളും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പണം തട്ടിയ കേസും ഇയാള്‍ക്കെതിരേ ചുമത്തി.
കേസില്‍ സുകേഷിന്റെ ഭാര്യയും മലയാളിയുമായ നടി ലീന മരിയാ പോളും പ്രതിയാണ്.അറസ്റ്റിലായ സുകേഷ് 2017 മുതല്‍ ജയിലിലാണ്. ഇക്കാലയളവില്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരില്‍ ജയില്‍ മന്ത്രിയായിരുന്നു സത്യേന്ദ്ര ജയിന്‍. 2015 മുതല്‍ സത്യേന്ദര്‍ ജെയിനെ അറിയാമെന്നും അദ്ദേഹം പലതവണ തന്നെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ക്കയച്ച കത്തില്‍ സുകേഷ് ചന്ദ്രശേഖര്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് എ.എ.പി. കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം ദുരന്തത്തില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും കെജ്രിവാള്‍ ആരോപിച്ചു. മോര്‍ബി പാലം ദുരന്തം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണം. മോര്‍ബി ദുരന്തം എല്ലാ ടിവി ചാനലുകളും സജീവമായി ചര്‍ച്ച ചെയ്തെങ്കിലും ഇന്ന് അത് അപ്രത്യക്ഷമായി. പകരം സുകേഷ് ചന്ദ്രശേഖറിന്റെ ആരോപണങ്ങള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. മോര്‍ബിയില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ കെട്ടിച്ചമച്ച സാങ്കല്‍പ്പിക കഥയാണിതെന്നും കെജ്രിവാള്‍ പറഞ്ഞു.



