ന്യൂഡല്‍ഹി: ചൈനയില്‍ കൊവിഡ് രോഗം തിരിച്ചറിയുന്നതിന് ഒന്‍പത് മാസം മുമ്പ്(2019 മാര്‍ച്ചില്‍) ബാഴ്സലോണയിലെ മലിനജലത്തില്‍ കൊറോണ വൈറസിനെ സ്പാനിഷ് വൈറോളജിസ്റ്റുകള്‍ കണ്ടെത്തിയതായി ബാഴ്സലോണ സര്‍വകലാശാല. സ്‌പെയിനില്‍ ഇത്രയും നേരത്തെ വൈറസ് ജീനോം സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അര്‍ഥം ശാസ്ത്ര സമൂഹം കരുതിയതിനും വളരെ മുമ്പുതന്നെ ഈ രോഗം ലോകത്ത് പ്രത്യക്ഷപ്പെട്ടുവെന്നാണ്.
ഇതോടെ പഴയ സാമ്പിളുകളില്‍ വീണ്ടും പരിശോധന നടത്താന്‍ യൂണിവേഴ്‌സിറ്റി ഓഫ് ബാഴ്സലോണ തീരുമാനിച്ചിട്ടുണ്ട്. 2018 ജനുവരി മുതല്‍ 2019 ഡിസംബര്‍ വരെ എടുത്ത സാമ്പിളുകളിലൊന്നിലാണ് വൈറസ് ജീനോമിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് സ്പാനിഷ് സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സാനിറ്ററി അഡ്മിനിസ്‌ട്രേഷന്റെ ഡോ. ജോവാന്‍ റാമോണ്‍ വില്ലാല്‍ബി പറഞ്ഞു, കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഒരു ഫലം മാത്രമാണ്. അതിനാല്‍ കൂടുതല്‍ ഡാറ്റ, കൂടുതല്‍ പഠനങ്ങള്‍ എല്ലാം ആവശ്യമുണ്ട്- അദ്ദേഹം പറഞ്ഞു.

