റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

October 1, 2022 - 10:20 pm

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. 01-09-2022, ശനിയാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. ദീർഘനാളായി അർബുധ ബാധിതനായിരുന്നു. മൃതദേഹം 02.10.2022 ഞായറാഴ്ച ഉച്ചയ്ക്ക് തലശ്ശേരിയിൽ എത്തിക്കും. മൂന്ന് മണിമുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടത്തും. സംസ്ക്കാരം സെപ്തംബർ 3 തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്.

സി.പി.ഐ പൊളിറ്റ് ബ്യൂറോ അംഗമാണ്.2006 മുതല്‍ 2011 വരെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പ് മന്ത്രി, പതിമൂന്നാം നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവികള്‍ വഹിച്ചു. തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് 2001 മുതല്‍ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. പാര്‍ട്ടിയുടെ ചിരിക്കുന്ന മുഖം എന്നാണു കോടിയേരിക്കുള്ള വിശേഷണം. അടിയന്തരാവസ്ഥക്കാലത്തു 16 മാസം ‘മിസ’ തടവുകാരനായിരുന്നു.

തലശേരിയിലെ കോടിയേരിയില്‍ കല്ലറ തലായി എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനിച്ചു. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രിക്ക്. കെഎസ്എഫിന്റെ പ്രവര്‍ത്തകനായാണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്. മാഹി കോളേജ് യൂണിയന്‍ ചെയര്‍മാനായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1973 മുതല്‍ 1979 വരെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായി.

സൗമ്യനായ രാഷ്ട്രീയക്കാരൻ

അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പും ശേഷവുമുള്ള കാലം എസ്എഫ്ഐയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. അടിയന്തരാവസ്ഥക്കു മുമ്പ് കേരളത്തിലെ അച്യുതമേനോന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ കെഎസ്യുവും മറ്റ് പിന്തിരിപ്പന്‍ ശക്തികളും എസ്എഫ്ഐയെ ആക്രമണങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടം നേരിട്ട് അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍, അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ കേരളത്തിന് പുതിയ പ്രതീക്ഷയും പോരാട്ടവീറും പകര്‍ന്ന് എസ്എഫ്ഐ ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനമായി ഉദിച്ചുയര്‍ന്നു.

1973 മുതല്‍ ’79 വരെയുള്ള ഈ കാലഘട്ടത്തില്‍ എസ്എഫ്ഐയുടെ അമരക്കാരനായിരുന്നു കോടിയേരി. 1970ല്‍ സിപിഐ എം ഈങ്ങയില്‍പീടിക ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ കോടിയേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു.

യുവജനപ്രസ്ഥാനത്തിലെത്തിയപ്പോള്‍ 1980 മുതല്‍ 1982 വരെ ഡിവൈഎഫ്ഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. തുടര്‍ന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 1990 മുതല്‍ അഞ്ചുവര്‍ഷം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോള്‍ ജില്ലയില്‍ സിപിഐ എമ്മിനെതിരായ ഭരണകൂട-പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണത്തെ ചെറുത്ത് പ്രസ്ഥാനത്തെ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം നേതൃത്വം നല്‍കി.

പിരിയാത്ത സഖാക്കൾ

കെ സുധാകരന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സിപിഐ എമ്മിനെതിരെ നടന്ന അക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന് അദ്ദേഹം നേതൃത്വം നല്‍കി. കൂത്തുപറമ്പ് വെടിവയ്പ്, കെ വി സുധീഷിന്റെ കൊലപാതകം തുടങ്ങി സംഭവബഹുലമായ കാലമായിരുന്നു അത്. 1988ല്‍ ആലപ്പുഴയില്‍ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1995ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 2002ല്‍ ഹൈദരാബാദില്‍ നടന്ന 17ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ കോയമ്പത്തൂരില്‍ നടന്ന 19ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

അടിയുറച്ച പാർട്ടിക്കൂറിന്റെ പ്രതീകം

1982, 87, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തലശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായി പ്രവര്‍ത്തിച്ച് മികവു തെളിയിച്ചു. കേരളാ പൊലീസിനെ ജനമൈത്രി പൊലീസാക്കി.

നിയമസഭയുടെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി, ആഭ്യന്തരവകുപ്പ് സബ്ജക്ട് കമ്മിറ്റി എന്നിവയില്‍ അംഗമാണ്. വൈദ്യുതി ബോര്‍ഡ് അനൗദ്യോഗിക അംഗമായിരുന്നു.ചൈന, ക്യൂബ, അമേരിക്ക, ജപ്പാന്‍, സിംഗപ്പുര്‍, ശ്രീലങ്ക, ബഹ്റൈന്‍, യുഎഇ, ജര്‍മനി, ഒമാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

സിപിഐ എം നേതാവും തലശേരി എംഎല്‍എയുമായിരുന്ന എം വി രാജഗോപാലന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. ബിനോയ് കോടിയേരി (യുഎഇ), ചലച്ചിത്രനടന്‍ ബിനീഷ് കോടിയേരി എന്നിവരാണ് മക്കള്‍. ഡോ. അഖില, റിനിറ്റ എന്നിവര്‍ മരുമക്കള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *