റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടുത്ത വര്‍ഷം ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ഇന്ത്യ ഉയരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ഇന്ത്യ ഉയരുമെന്ന് ബഹുരാഷ്ട്ര മാനേജ്മെന്റ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. യുവാക്കളുടെ വിഭവശേഷിയും സാമ്പത്തിക നയത്തിലെ പരിഷ്‌കരണങ്ങളും ഇതിനു സഹായകമാകുമെന്നാണു വിലയിരുത്തല്‍. 2022-2023 ല്‍ ഇന്ത്യയുടെ ശരാശരി വളര്‍ച്ച 7 ശതമാനമായിരിക്കുമെന്നും ഏഷ്യയുടെ വളര്‍ച്ചയ്ക്ക് 28 ശതമാനവും ആഗോള വളര്‍ച്ചയ്ക്ക് 22 ശതമാനവും ഇന്ത്യ സംഭാവന ചെയ്യുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.2022 ല്‍ ഏഷ്യയിലെ മൂന്നാമത്ത ഏറ്റവും വലിയ വളര്‍ച്ചാനിരക്കായ 9.2% കൈവരിച്ച് രാജ്യം കുതിച്ചുചാട്ടം നടത്തിയ സാഹചര്യത്തിലാണ് ഈ അനുമാനം. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ അടച്ചിടല്‍ സമ്പദ്വ്യവസ്ഥയെ തകര്‍ത്ത് മുന്‍വര്‍ഷം 6.6 ശതമാനത്തിലേക്കു താഴ്ന്നിടത്ത് നിന്നാണ് ഇന്ത്യയുടെ കുത്തനെയുള്ള കരകയറ്റം. 2022-2023 ല്‍ 8 മുതല്‍ 8.5 ശതമാനം വരെ ജി.ഡി.പി. വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

വിതരണശൃംഖലയിലെ വൈവിധ്യവല്‍ക്കരണത്തിലൂടെ ഇന്ത്യ ആഭ്യന്തര ഡിമാന്‍ഡിനെ ഉത്തേജിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യും. ഒപ്പം കുറഞ്ഞ കോര്‍പ്പറേറ്റ് നികുതികളും ഉത്പാദനാധിഷ്ഠിത പ്രോത്സാഹന പദ്ധതികളും (പി.എല്‍.ഐ) വളര്‍ച്ചയ്ക്കു സഹായകമാകും- ചൊവ്വാഴ്ച പുറത്തിറക്കിയ അവലോകനക്കുറിപ്പില്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിര്‍മ്മാതാക്കളെ ആകര്‍ഷിക്കാനും സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കാനുമായി 2019-ല്‍ ഇന്ത്യ കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ കുറച്ചിരുന്നു.ആഭ്യന്തര ഉല്‍പ്പാദനത്തെ സഹായിക്കാന്‍ 2020-ല്‍ പി.എല്‍.ഐ സ്‌കീമും കൊണ്ടുവന്നു.

ഇതിനെ അടിസ്ഥാനമാക്കിയുള്ളതാണ് കുറിപ്പിലെ വിലയിരുത്തല്‍. യുക്രൈന്‍ യുദ്ധവും വിതരണത്തിലെ പരിമിതികളും നിമിത്തം ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്നുള്ള അപകടസാധ്യത സാമ്പത്തികവിദഗ്ധര്‍ നോക്കിക്കാണുന്നുണ്ടെങ്കിലും അവ കുറഞ്ഞുതുടങ്ങിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. വികസിത സമ്പദ്വ്യവസ്ഥകളില്‍ മ്ലാനത വിലയിരുത്തുന്ന മോര്‍ഗന്‍ സ്റ്റാന്‍ലി, യു.എസിലെയും യൂറോപ്പിലേയും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ജൂലായില്‍ ചുരുങ്ങിപ്പോയെന്നാണ് പറയുന്നത്. അതേസമയം ആത്മവിശ്വാസവും ”ആരോഗ്യകരമായ” കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകളും ഇന്ത്യയുടെ നിക്ഷേപ വീക്ഷണത്തില്‍ ശുഭസൂചന നല്‍കുന്നതായി അവര്‍ അഭിപ്രായപ്പെടുന്നു. പണപ്പെരുപ്പത്തെ നേരിടാന്‍ മറ്റ് സമ്പദ്വ്യവസ്ഥകളെപ്പോലെ ഇന്ത്യയും പലിശനിരക്ക് ഉയര്‍ത്തിയെങ്കിലും പൊതുനിക്ഷേപം ആകര്‍ഷിക്കുന്ന വിധത്തിലുള്ള ബജറ്റ് (39.45 ലക്ഷം കോടി രൂപ) ഗുണകരമാകുണെന്നാണ് വിശദീകരണം. അതോടൊപ്പം രാജ്യത്ത് ആഭ്യന്തര ഉപഭോഗം വര്‍ധിക്കുമെന്നും ചരക്ക് കയറ്റുമതിയെക്കാള്‍ സേവന കയറ്റുമതി മെച്ചപ്പെടുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *