ഇസ്ലാമാബാദ്: പാകിസ്താനില്‍ ഡിവൈ.എസ്.പി. പദവിയില്‍ നിയമതിയായി ഹിന്ദു യുവതി. സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദ് സ്വദേശിനിയായ മനീഷ റൊപേത (26)യാണ് ചരിത്രം കുറിച്ചത്. ഭരണഘടനാപരമായി വിലക്കില്ലെങ്കിലും പാകിസ്താനില്‍ ഇത്തരം തസ്തികകളില്‍ അപൂര്‍വമായി മാത്രമേ സ്ത്രീകള്‍ നിയമിതരാകാറുള്ളൂ. ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തില്‍നിന്ന് ഒരു പെണ്‍കുട്ടി ഈ പദവിയിലെത്തുന്നതാകട്ടെ കേട്ടുകേള്‍വിയില്ലാത്ത സംഭവവും. സിന്ധ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷയില്‍ 16 ാം റാങ്ക് നേടിയാണ് മനീഷ വിജയിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന കറാച്ചി നഗരത്തിലെ ലയാരിയിലടക്കം ഫീല്‍ഡ് പരിശീലനം പൂര്‍ത്തിയാക്കിയാണ് മനീഷ സ്വതന്ത്ര ചുമതല ഏറ്റെടുക്കുന്നത്. പോലീസ് ഉദ്യോഗസ്ഥയായി ജോലിചെയ്യുന്നത് സ്ത്രീശാക്തീകരണത്തിനും അവര്‍ക്ക് അധികാരം നല്‍കാന്‍ യോഗ്യരാണെന്നു തെളിയിക്കുന്നതുമാണെന്ന് മനീഷ പറയുന്നു. മനീഷയുടെ മൂന്നു സഹോദരിമാര്‍ ഡോക്ടര്‍മാരാണ്.ഏകസഹോദരന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയും. 16 ാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ട മനീഷയെയും സഹോദരങ്ങളെയും പഠിപ്പിച്ച് ഉന്നതനിലകളില്‍ എത്തിച്ചത് അമ്മയായിരുന്നു.

