ആലപ്പുഴ: അമിത വേഗത്തിൽ ഓടിയിരുന്ന സ്വകാര്യ ബസിന്റെ പാച്ചിൽ അവസാനിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാറിന്റെ വാഹനത്തിന് നേരെ അപകടകരമായ രീതിയിൽ ലൈറ്റുകൾ തെളിയിച്ച് ഓടിച്ചു വന്ന സ്വകാര്യ ബസാണ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറുടെ ലൈസൻസും റദ്ദുചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മാങ്കാംകുഴിയിൽ വെച്ചാണ് സംഭവം.
റോഡിൽ വാഹന തിരക്കുള്ള സമയത്ത് രാവിലെ എട്ടേമുക്കാലോടുകൂടി മലയാലപ്പുഴ-മണ്ണാറശാല റൂട്ടിൽ സർവീസ് നടത്തുന്ന ബട്ടർഫ്ലൈ എന്ന് പേരുള്ള സ്വകാര്യ ബസാണ് അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഓട്ടം നടത്തി കുടുക്കിലായത്. അമിതവേഗം ശ്രദ്ധയിൽ പെട്ട എംഎൽഎ ഉടൻ തന്നെ മാവേലിക്കര ജോയിന്റ് ആർടിഒ ഡാനിയൽ സ്റ്റീഫനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അതിവേഗം തന്നെ വാഹനം പിടിച്ചെടുത്ത് നടപടി എടുക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഹരിപ്പാട് വച്ച് വാഹനം പരിശോധിച്ചപ്പോൾ ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചതിന് പെർമിറ്റ് ലംഘനത്തിനുള്ള പിഴ ഈടാക്കുകയും ചെയ്തു. സ്കൂൾ സമയങ്ങളിൽ അമിത വേഗതയിൽ സ്വകാര്യ ബസുകൾ പായുന്നതായും ഈ വിഷയത്തിൽ എത്രയും വേഗത്തിൽ നടപടി എടുക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ വ്യക്തമാക്കി

