ഷവർമ സാമ്പിളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാസർകോട് ചെറുവത്തൂരിൽ നിന്ന് ശേഖരിച്ച ഷവർമ സാമ്പിളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്. സാമ്പിളുകളിൽ നടത്തിയ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലത്തിലാണ് സാൽമൊണല്ല, ഷിഗല്ല എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്.ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തിൽ നിന്നും ശേഖരിച്ച ചിക്കൻ ഷവർമയുടേയും പെപ്പർ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്.

ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷനിയമ പ്രകാരം ഈ സാമ്പിളുകൾ ‘അൺസേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ മേൽനടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകൾ നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.119 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.ഈ മാസം 2 മുതൽഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത് .

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകൾ പരിശോധന യ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾകലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളിൽ 2014 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്പിൾ ശേഖരിച്ചു. 6 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →