ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ അനുസരിച്ചാണ് സംവരണം നിശ്ചയിക്കുന്നതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിൽ മുസ്‌ലിം വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി. താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റുകൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. സംവരണം ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ അനുസരിച്ചാണ് നിശ്ചയിക്കുന്നതെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കണ്ണൂർ സർവകലാശാലയിൽ ഐ.ടി വിഭാഗത്തിൽ കർണാടക സ്വദേശിയായ ബി. മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. സംവരണം ചെയ്യപ്പെട്ടിരുന്ന തസ്തികയിലേക്ക് നടന്ന മുഹമ്മദ് ഇസ്മയിലിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കണ്ണൂർ സർവകലാശാലയും, മുഹമ്മദ് ഇസ്മയിലും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

2018 ലെ യുജിസി ചട്ടങ്ങൾ പ്രകാരം ദേശിയ അടിസ്ഥാനത്തിൽ നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചത് എന്നായിരുന്നു കണ്ണൂർ സർവകലാശാലയുടെ വാദം. മുസ്ലിം വിഭാഗം കേരളത്തിലും കർണാടകത്തിലും പിന്നാക്ക വിഭാഗമാണെന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാൽ കർണാടക സ്വദേശിയായ മുഹമ്മദ് ഇസ്മയിലിന് കണ്ണൂർ സർവകലാശാലയിൽ പിന്നോക്ക വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുളള തസ്തികയിലേക്ക് നിയമനം നൽകുന്നതിൽ തെറ്റില്ലെന്നും സർവകലാശാല സുപ്രീം കോടതിയിൽ വാദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →