തിരുവനന്തപുരം: രാജ്യസഭയിലേക്കില്ലെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. എ കെ ആന്‍റ ണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വളരെ നേരത്തേ തന്നെ ഞാൻ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല. അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചർച്ചകളിൽനിന്നും എന്നെ തീർത്തും ഒഴിവാക്കണമെന്ന് വി എം സുധീരൻ ഫേസ് ബുക്കിലൂടെ അഭ്യർത്ഥിച്ചു.
മുതിർന്ന നേതാവ് എ കെ ആന്റണി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ പകരക്കാരനെ തിരഞ്ഞ് കോൺഗ്രസിൽ ചർച്ച സജീവമാണ്. എ കെ ആന്റണി മാറുമ്പോൾ പകരം ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോൺഗ്രസിന് മുന്നിലെ വെല്ലുവിളി. മുൻ കേന്ദ്രമന്ത്രിയും മുൻ കെ പി സി സി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഇടത് ചേരി വിട്ട് കോൺഗ്രസിലേക്ക് എത്തിയ ചെറിയാൻ ഫിലിപ്പ്, വി ടി ബൽറാം തുടങ്ങിയ പേരുകൾ സജീവമാണ്. തൃക്കാക്കര ഉപതെരഞ്ഞെുപ്പിലും വി ടി ബൽറാമിന്‍റെ പേര് ഉയർന്നുകേൾക്കുന്നുണ്ട്. പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ഇല്ലെങ്കിൽ ബൽറാമിനെ അവിടെ ഇറക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.
അടുത്ത ദിവസങ്ങളിലെ ചർച്ചയോടെ അന്തിമ തീരുമാനത്തിലെക്കെത്തും. ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു. ഇതുവരെ നൽകിയ അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്റണി അറിയിച്ചു. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. മാർച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാർച്ച് 21ന് നാമനിർദേശ പത്രിക സമർപ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ഉൾപ്പെടെ 13 പേർ കാലാവധി പൂർത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ നിന്ന് മൂന്ന് എംപിമാരെ തെരഞ്ഞെടുക്കും. കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി അവസാനിക്കും
വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നും വളരെ നേരത്തേതന്നെ ഞാൻ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല. അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചർച്ചകളിൽനിന്നും എന്നെ തീർത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യർത്ഥന.
സ്‌നേഹപൂർവ്വം, വി എം സുധീരൻ

