കല്ലമ്പലം: പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കംമൂത്ത് കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി. വാക്കുതര്‍ക്കം, സംഘര്‍ഷം, വീടുകയറി അക്രമം, ഒടുക്കം അറസ്റ്റും. സംഭവവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ ഭാരവാഹിയായ നൈസാം (36), കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കുഞ്ഞുമോന് (37), ഷെരീഫ് (36) എന്നിവരാണ് അറസ്റ്റിലായത്. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ വീടാണ് ഒരു സംഘം ആക്രമിച്ചത്. ഉച്ചയോടെ അക്രമിസംഘം നബീലിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി നബീലിന്റെ സഹോദരിയെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചതായും വീടിന്റെ ജനല്‍പാളികള്‍ക്കും മറ്റും കേടുപാടുകള്‍ വരുത്തിയെന്നുമാണ് പരാതി.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഐഎന്‍ടിയുസി റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 500 വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം വര്‍ക്കല മൈതാനം പാര്‍ക്കില്‍ സംഘടിപ്പിച്ചിരുന്നു. പരിപാടി നടക്കുമ്പോള്‍ കെഎസ്യുവിന്റെ നേതൃത്വത്തിലുള്ള സംഘവും തൈനടീലുമായി ബന്ധപ്പെട്ട് അവിടെയെത്തി. തുടര്‍ന്ന് വാക്കേറ്റംമൂത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്നാണ് വീടിനുനേരെ ആക്രമണം ഉണ്ടായത്.

