പാലക്കാട്: മൂന്ന് ഏക്കര്‍ സ്ഥലത്തെ കുലയ്ക്കാറായ തെങ്ങുകള്‍ വെട്ടിനശിപ്പിച്ചു. പെരുമാട്ടി പഞ്ചായത്തിലെ മടപ്പള്ളത്തെ എക്‌സൈസ് ജീവനക്കാരനായ ഷാംജിയുടെ മുന്നേക്കര്‍ സ്ഥലത്തെ 230 തെങ്ങിന്‍തൈകളാണ് സാമൂഹിക വിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. രണ്ടുവര്‍ഷം പ്രായമായ തെങ്ങാണ് മുഴുവന്‍. കുലയ്ക്കാന്‍ പാകമാവുന്നതിന് തൊട്ടുമുമ്പാണ് വെട്ടിനശിപ്പിച്ചിരിക്കുന്നത്.
ഷാംജി എക്‌സൈസ് വകുപ്പില്‍ ജീവനക്കാരനാണെങ്കിലും കൃഷിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ആളാണ്. മധുരയില്‍നിന്നു വാങ്ങിയ ഹൈബ്രിഡ് ഇനത്തില്‍പെട്ട ഡിജെ തെങ്ങിന്‍തൈകളാണ് ഷാംജി നട്ടുപിടിപ്പിച്ചിരുന്നത്. മൂന്നുവര്‍ഷംകൊണ്ട് കായ്ക്കുമെന്നതിനാല്‍ തൈ ഒന്നിന് 750 രൂപയാണു നല്‍കിയത്. തനിക്ക് ശത്രുക്കളായി ആരുമില്ലെന്ന് ഷാംജി പറയുന്നു. കുടുംബപരമായി മറ്റു തര്‍ക്കങ്ങളുമില്ല. സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

