പനാജി: ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയവുമായി ബംഗളുരു എഫ്.സി. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായിരുന്ന ജംഷെഡ്പുര്‍ എഫ്.സിയെയാണ് ബംഗളുരു കീഴ്പ്പെടുത്തിയത്. സ്‌കോര്‍: 3-1. സില്‍വ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തില്‍ സുനില്‍ ഛേത്രിയും ബംഗളുരുവിനായി വലകുലുക്കി. ഇതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ബംഗളുരുവിനായി. ജംഷെഡ്പുര്‍ നാലാമതായി.ഒന്നാം മിനിറ്റില്‍ത്തന്നെ ഗോളടിച്ച എതിരാളികളെ നിശബ്ദരാക്കിയായിരുന്നു ബംഗളുരുവിന്റെ കുതിപ്പ്. ചീമയാണ് ജംഷെഡ്പൂരിനായി ആദ്യമിനിറ്റ് ഗോളിന് അവകാശിയായത്. വൈകാതെ കളം പിടിച്ച ബംഗളുരു കളംപിടിച്ചു. ആദ്യപകുതിയില്‍ സമനില പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജംഷെഡ്പൂരിന് ലീഡ് വര്‍ധിപ്പിക്കാന്‍ ബംഗളുരു ഇടനല്‍കിയില്ല.രണ്ടാം പകുതിയുടെ 55-ാം മിനിറ്റില്‍ ലോങ് ത്രോയില്‍നിന്നു പന്തു സ്വീകരിച്ച് സുനില്‍ ഛേത്രി ബംഗളുരുവിനെ ഒപ്പമെത്തിച്ചു. പിന്നിടായിരുന്നു സില്‍വയുടെ ഇരട്ടപ്രഹരം. 62-ാം മിനിറ്റില്‍ ഹെഡറിലൂടെ ലക്ഷ്യം കണ്ട സില്‍വ ഇന്‍ജുറി ടൈം ഗോളിലൂടെ പട്ടിക തികച്ചു.
