റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു : സംസ്ഥാനം ജാ​​ഗ്രതയിൽ, കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

December 13, 2021 - 7:17 am

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ജാ​ഗ്രതയിൽ . സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു. . യുകെയിൽ നിന്നും വന്ന ഒരു യാത്രക്കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം യുകെയിൽ നിന്നും അബുദാബി വഴി 2021 ഡിസംബർ 6നാണ് കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോൺ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തിൽ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരിൽ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതൽ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ ഇന്ന് (2021 ഡിസംബർ 13) കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണിനെ കൂടുതൽ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികൾ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്‌സിൻ എടുക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും ചെയ്യണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. മറ്റ് രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചപ്പോൾ തന്നെ സംസ്ഥാനം ജാഗ്രത പുലർത്തിയിരുന്നുവെന്നും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിരന്തരം യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് എയർപോർട്ടിൽ പ്രത്യേക നിരീക്ഷണമുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയച്ചു വരുന്നതായും മന്ത്രി അറിയിച്ചു

സാർസ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമിക്രോൺ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബർ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയിൽ കൂടുതൽ പ്രോട്ടീൻ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകർച്ചാശേഷി, പ്രതിരോധ ശക്തിയെ തകർക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയിൽ കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കൺസേൺ ആയി പ്രഖ്യാപിച്ചത്.

സാർസ് കൊറോണ 2 വൈറസിനെ കണ്ടുപിടിക്കുവാൻ സാധരണയായി ഉപയോഗിക്കുന്നതും കൂടുതൽ സ്വീകാര്യവുമായ മാർഗമാണ് ആർ.റ്റി.പി.സി.ആർ. എങ്കിലും ഒമിക്രോൺ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത് ഒമിക്രോൺ ജനിതക നിർണയ പരിശോധന നടത്തിയാണ്. അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണെ കൂടുതൽ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികൾ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്‌സിൻ എടുക്കുക, ശാരീരിക അകലം പാലിക്കുക,കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും ചെയ്യണം.

വാക്‌സിനെടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. വാക്‌സിൻ നൽകുന്ന സുരക്ഷ ആന്റിബോഡി, കോശങ്ങളുടെ പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൊവിഡിനെതിരെ സുരക്ഷ നൽകുവാൻ വാക്‌സിനുകൾക്ക് കഴിയും. കൊവിഡ് രോഗ തീവ്രത കുറയ്ക്കുവാൻ വാക്‌സിനുകൾക്ക് കഴിയും. അതിനാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള വാക്‌സിനുകൾ രണ്ട് ഡോസ് എടുക്കേണ്ടത് അനിവാര്യമാണ്. കൊവിഡ് വാക്‌സിൻ ഇതുവരെയും എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ സ്വീകരിക്കണം.

വൈറസുകൾക്ക് പകരാനും പെരുകാനും ശേഷി ഉള്ളിടത്തോളം അതിന് വകഭേദങ്ങൾ ഉണ്ടാകും. വകഭേദങ്ങൾ അപകടകാരികൾ അല്ലെങ്കിൽ അതിനെ ശ്രദ്ധിക്കേണ്ടി വരില്ലായിരുന്നു. കൂടുതൽ പകർച്ചാ ശേഷി, ഒരു പ്രാവശ്യം രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വരുക എന്നിങ്ങനെ ഉണ്ടാകുമ്പോഴാണ് വകഭേദത്തിനെ കൂടുതൽ ശ്രദ്ധിക്കുക. വകഭേദങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള ഏറ്റവും പ്രധാന നടപടി കൊവിഡ് ബാധ കുറയ്ക്കുക എന്നതാണ്. അതിനാൽ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *