കൽപ്പറ്റ: പനമരം പഞ്ചായത്തിലെ ചെറുകാട്ടൂർ കേളോം കടവിൽ കബനിക്ക് കുറുകെ പാലം നിർമിക്കണമെന്ന ആവശ്യവുമായി നീർവാരം, ചെറുകാട്ടൂർ പ്രദേശവാസികൾ. 1996-ലാണ് ഇവിടെ പാലം വേണമെന്ന ആവശ്യം ആദ്യമായി ഉയരുന്നത്. പിന്നീട് 2005-ൽ നബാർഡിന്റെ ധനസഹായത്തോടെ 11 കോടിയുടെ പദ്ധതി പാലത്തിനും അപ്രോച്ച് റോഡിനുമായി പ്രഖ്യാപിക്കപ്പെട്ടു.
ഇതിൽ 20 ശതമാനം തുക കണ്ടെത്തേണ്ടിയിരുന്നത് പനമരം, പുൽപ്പള്ളി പഞ്ചായത്തുകളും മാനന്തവാടി നഗരസഭയുമായിരുന്നു. എന്നാൽ പൈലിങ് പ്രവൃത്തികൾ വരെ തീരുമാനിച്ചെങ്കിലും മറ്റുപല കാരണങ്ങളാൽ പദ്ധതി നടക്കാതെ പോവുകയായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതിനോടൊപ്പം പ്രഖ്യാപിക്കപ്പെട്ട ചേകാടി വനഗ്രാമത്തെ ബന്ധപ്പെടുത്തുന്ന ചേകാടി പാലം നിർമാണം പൂർത്തിയാക്കി വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ട് വർഷങ്ങളായി. കോളോത്ത് പാലം വന്നാൽ ജില്ലയിലെ ടൂറിസത്തിനും മുതൽക്കൂട്ടാവുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ നീർവാരം, ദാസനക്കര പ്രദേശത്തെ വിദ്യാർഥികൾ അടക്കമുള്ളവർ പുഞ്ചവയൽ വഴി ആറ് കിലോമീറ്ററോളം ചുറ്റിയാണ് പനമരത്തേക്ക് യാത്ര ചെയ്യുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് ദാസനക്കര-പനമരം-നീരവാരം റൂട്ട്. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ ദാസനക്കരയിൽ ആനക്കൂട്ടങ്ങളെത്തുന്നത് പതിവാണ്. കൊവിഡ് തുടങ്ങിയതിന് ശേഷം നീർവാരത്തുകാരുടെ യാത്ര ദുസ്സഹമാണെന്ന് ഇവിടെയുള്ളവർ പറയുന്നു

