ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ആഗസ്റ്റ് 10ന് വീണ്ടും വാദം കേള്‍ക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. 2019 മുതല്‍ ഇത്തരം ആരോപണങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്തുകൊണ്ട് പുറത്തുവന്നില്ലെന്നും കോടതി ചോദിച്ചു.എന്തുകൊണ്ടാണ് പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഇത്തരം പരാതികള്‍ നിലനില്‍ക്കുന്നതെന്നും എഫ്ഐആര്‍ എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു. പരാതിക്കാര്‍ എല്ലാവരും സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവരാണെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ മാത്രമാണ് പരാതിക്കാരുടെ മുന്നിലുള്ളതെന്നും വിഷയത്തില്‍ കൂടുതല്‍ തെളിവുകളും അന്വേഷണവും ആവശ്യമാണെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് എഡിറ്റേഴ്സ് ഗില്‍ഡ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, പ്രൊഫ ജഗദീപ് ചോക്കര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി സര്‍ക്കാരിന്റെ മാത്രം നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന എന്‍എസ്ഒ ചാര സോഫ്റ്റ്വെയര് വ്യാപകമായി പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതായാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. പൗരന്മാരുടെ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, വാട്സ്ആപ്പ്, സന്ദേശങ്ങള്‍, എന്നിവ ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് പരിശോധിച്ചതായി പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.



