തിരുവനന്തപുരം: എ.ആര്‍ സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ കെ.ടി. ജലീല്‍.
കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ആരോപിച്ച ജലീല്‍, ഹൈദരലി ശിഹാബ് തങ്ങളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നതായും 04/08/21 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നതായും കെ.ടി. ജലീല്‍ പറഞ്ഞു.
ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും പാണക്കാട് വീട്ടില്‍ നേരിട്ടെത്തി ഇ.ഡി മൊഴിയെടുത്തുവെന്നുമാണ് ജലീല്‍ പറയുന്നത്. നോട്ടീസിന്റെ പകര്‍പ്പ് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
ആദായനികുതി വകുപ്പ് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഈ നോട്ടീസില്‍ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്നും ജലീല്‍ പറഞ്ഞു. വി.കെ. ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും ജലീല്‍ ആരോപണമുയര്‍ത്തി.

