ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി.) നിറവേറ്റുന്ന രാജ്യങ്ങള്‍ക്കുള്ള റാങ്കിങ്ങില്‍ ഇന്ത്യ മുന്‍ വര്‍ഷത്തേക്കാള്‍ പിന്നില്‍. കഴിഞ്ഞ തവണ 115ാം റാങ്കില്‍ ആയിരുന്നത് ഇത്തവണ 117ലെത്തി.ഭൂട്ടാന്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പട്ടികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. പട്ടിണി നിര്‍മാര്‍ജനം, ഭക്ഷ്യസുരക്ഷ കൈവരിക്കല്‍, ലിംഗസമത്വം, അടിസ്ഥാനസൗകര്യ വികസനം, എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സുസ്ഥിര വ്യവസായവത്കരണം, രാജ്യത്തിനുള്ളില്‍ നവകണ്ടുപിടിത്തങ്ങള് പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യക്കു വെല്ലുവിളിയായത്. ഇന്ത്യയുടെ മൊത്തം എസ്.ഡി.ജി. സ്കോര്‍ 100-ല്‍ 61.9 ആണ്.സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കാര്യമെടുത്താല്‍ കേരളം, ഹിമാചല്‍പ്രദേശ്, ചണ്ഡീഗഢ് എന്നിവ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നുണ്ട്. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവ ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലാണ്.
വിവിധമേഖലകളില്‍ 2030ഓടെ സുസ്ഥിരവികസനം കൈവരിക്കുക ലക്ഷ്യത്തോടെ 2015-ല്‍ ഐക്യരാഷ്ട്രസഭ ആവിഷ്കരിച്ച പദ്ധതിയാണിത്.

