ലക്നൗ: അലിഗഢില്‍ വ്യാജമദ്യം കഴിച്ച് 11 പേര് മരിച്ചു. കര്‍സിയയിലെ കച്ചവടക്കാരനില്‍നിന്ന് വാങ്ങിയ തദ്ദേശനിര്‍മിത മദ്യം കഴിച്ചാണ് മരണം. നിരവധി പേര് ഇപ്പോഴും അവശനിലയില്‍ തുടരുകയാണ്. സംഭവത്തില്‍ മദ്യവില്‍പ്പന ഉടമ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. കൂടാതെ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്താനും അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ലൈസന്‍സുള്ള കച്ചവടക്കാരന് വില്‍പ്പന നടത്തിയ മദ്യമാണ് ഇവര്‍ കഴിച്ചത്. മദ്യവില്‍പ്പനശാല അടച്ചുപൂട്ടി. പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മദ്യം കുടിച്ച് അവശരായവരെ കണ്ടെത്തുന്നതിനും വൈദ്യസഹായം നല്‍കുന്നതിനും ആറ് പോലിസ് ടീമുകള്‍ ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. കുറ്റവാളികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) നടപ്പാക്കാനും സാധ്യതയുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി ഡിഐജി പറഞ്ഞു.



