കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, ഗവൺമെൻ്റ് ആർട്ട്സ് ആൻ്റ് സയൻസ് കോളേജ്, വൈപ്പിൻ, എറണാകുളം എൻ എസ് എസ് യൂണിറ്റും, ജില്ലാ മെഡിക്കൽ ഓഫീസ് എറണാകുളവും സംയുക്തമായി കോവിഡ് വാക്സിനേഷനെക്കുറിച്ചും, രോഗ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും വെബിനാർ സംഘടിപ്പിച്ചു.
ഇന്ന് വൈകിട്ട് നടന്ന വെബിനാറിൽ ഡോ.അനു സി കൊച്ചുകുഞ്ഞ്, കോവിഡ് നോഡൽ ഓഫീസർ ക്ലാസ്സ് എടുത്തു.
ബ്ലാക്ക് ഫംഗസ് അസുഖം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അത്ര ഗുരുതരമല്ല. എന്നാൽ കോവിഡ് ബാധിതരായ ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം മുതലായവ ഉള്ളവർക്ക് ഇത് ബാധിക്കാൻ സാദ്ധ്യതയുളളതിനാൽ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോക്ടർ പറഞ്ഞു.
ജനിതക മാറ്റം വന്ന് രണ്ടാമതെത്തിയിരിക്കുന്ന കൊറോണ വൈറസ് അതി തീവ്ര വ്യാപനശേഷിയുള്ളതാണ്. ഇതിനെ പ്രതിരോധിക്കാൻ സമൂഹം മുഴുവൻ ഒറ്റക്കെട്ടായി വാക്സിനെടുത്ത് സാമുഹിക പ്രതിരോധം തീർക്കണം. ഇതാടൊപ്പം കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് ജീവൻ്റെ വിലയുള്ള ജാഗ്രത കൈവരിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. കോവിഡ് രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചുമുള്ള സംശയങ്ങൾക്ക് വിശദമായ മറുപടി നല്കി.
യുവജനങ്ങൾ മൊബൈൽ ഫോൺ സമൂഹത്തിനും അവനവനും പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കണമെന്ന് വെബിനാർ ഉത്ഘാടനം ചെയ്തു കൊണ്ട് ശ്രീ.വി.പളനിച്ചാമി, അഡീഷണൽ ഡയറക്ടർ ജനറൽ, റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ, കേരള – ലക്ഷദ്വീപ് ആവശ്യപ്പെട്ടു.
കോളേജ് പ്രിൻസിപ്പൽ, ശ്രീമതി. മേരി ബസ്സി തോമസ്, അദ്ധ്യക്ഷത വഹിച്ചു. ഫീൽഡ് എക്സിബിഷൻ ഒഫീസർ പൊന്നുമോൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മേരി റൂണിയ തുടങ്ങിയവർ സംസാരിച്ചു.

