റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേരളത്തില്‍ പെസോ ലൈസന്‍സുള്ള രണ്ട് പേര്‍ മാത്രമാണുള്ളത്. ബര്‍മ ഫയര്‍വര്‍ക്സും ചാന്പ്യന്‍ ഫയര്‍വര്‍ക്സും.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിടത്തിലുണ്ടായ ദുരന്തം മനുഷ്യനിര്‍മിതമാണെന്ന് സുരക്ഷാ വിദഗ്ധന്‍ ഡോ. ആര്‍ വേണുഗോപാല്‍

April 28, 2026 - 7:31 am

 

തൃശൂര്‍ | മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിടത്തിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് സുരക്ഷാ വിദഗ്ധന്‍ ഡോ. ആര്‍ വേണുഗോപാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിര്‍മിതമാണെന്നും ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് പാഠം പഠിച്ചിട്ടില്ലെന്നും ആര്‍ വേണുഗോപാല്‍ പറയുന്നു. തൃശൂരിലെ സ്ഫോടനത്തില്‍ 1.2 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ നാശനഷ്ടങ്ങളുണ്ടായത് കാണിക്കുന്നത് വന്‍തോതില്‍ സ്ഫോടകവസ്തുക്കളും നിരോധിത രാസവസ്തുക്കളും ഉപയോഗിച്ചുവെന്നാണ്.

അപകടം നടന്ന സ്ഥലത്തിന് എ ഡി എം ലൈസന്‍സ് അനുവദിച്ചിട്ടില്ല

അപകടം നടന്ന സ്ഥലത്തിന് എ ഡി എം ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് തനിക്കുറപ്പാണെന്ന് അദ്ദേഹം പറയുന്നു. 15 കിലോ വരെയുള്ള വെടിക്കെട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ എ ഡി എമ്മിന് അധികാരമുണ്ട്. കടുത്ത നിബന്ധനകളുള്ളതിനാല്‍ കേരളത്തില്‍ പെസോ ലൈസന്‍സുള്ള രണ്ട് പേര്‍ മാത്രമാണുള്ളത്. ബര്‍മ ഫയര്‍വര്‍ക്സും ചാന്പ്യന്‍ ഫയര്‍വര്‍ക്സും.

സ്ഫോടകവസ്തു നിര്‍മാണ യൂനിറ്റ് തുടങ്ങുന്നത് വലിയ ജനരോഷത്തിന് കാരണമാകുന്നതിനാല്‍ ലൈസന്‍സ് എടുക്കുന്നവര്‍ വിജനമായ സ്ഥലമാണ് തിരഞ്ഞെടുക്കുക. പിന്നീട് താത്കാലിക ഷെഡ് കെട്ടുകയാണ് ചെയ്യാറ്. സ്ഫോടകവസ്തുക്കള്‍ മിക്സ് ചെയ്യുന്ന ഷെഡിന്റെ ഭിത്തിക്ക് 45 സെന്റിമീറ്റര്‍ കനം വേണം. രണ്ട് വാതിലുകള്‍ ഉണ്ടായിരിക്കണം. ഒരു സമയത്ത് രണ്ട് തൊഴിലാളികള്‍ മാത്രമേ ഉള്ളില്‍ പാടുള്ളൂ. രാവിലെ ആറ് മണി മുതല്‍ 10.30 വരെ മാത്രമേ ഷെഡ് പ്രവര്‍ത്തിക്കാവൂ. ഷെഡിന് ചുറ്റും 18 മീറ്റര്‍ സുരക്ഷാ അകലം പാലിക്കണം. മറ്റൊരു കെട്ടിടത്തിന് അടുത്താണെങ്കില്‍ ഈ ദൂരം 45 മീറ്റര്‍ ആയിരിക്കണം. മുറിയുടെ അളവ് 3X3 മീറ്റര്‍ ആയിരിക്കണം.

മുഴുവന്‍ പ്രക്രിയക്കും വിവിധ ലൈസന്‍സുകള്‍ ആവശ്യമാണ്.

നിര്‍മാണ ഷെഡില്‍ നാല് പേരെ അനുവദിക്കാം. ഉണക്കാന്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിന് ഒരു മീറ്റര്‍ ഉയരം വേണം. മിക്സിംഗ് ഷെഡിന്റെ മേല്‍ക്കൂര ആസ്ബസ്റ്റോസ് അല്ലെങ്കില്‍ ജി ഐ ഷീറ്റ് ആയിരിക്കണം. ഇവിടെ മേല്‍ക്കൂരക്ക് ടാര്‍പോളിന്‍ ഷീറ്റാണ് ഉപയോഗിച്ചത്. ഉള്ളില്‍ ഇലക്ട്രിക്കല്‍ വയറിംഗ് പാടില്ല. മുഴുവന്‍ പ്രക്രിയക്കും വിവിധ ലൈസന്‍സുകള്‍ ആവശ്യമാണ്. മിക്സിംഗിനായി ഒരേസമയം 2.5 കിലോ മുതല്‍ അഞ്ച് കിലോ വരെ മാത്രമേ അനുവദിക്കൂ.എന്നാല്‍ വേഗത്തില്‍ തീര്‍ക്കാനായി ഈ പരിധി ലംഘിക്കുന്നു. ഉണക്കാനുള്ള പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ലെന്നും ഡോ. ആര്‍ വേണുഗോപാല്‍ പറയുന്നു. 16 വര്‍ഷത്തോളം വേണുഗോപാല്‍ തൃശൂര്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. വെടിക്കെട്ടിന് താന്‍ എതിരല്ലെന്നും നിയമങ്ങള്‍ പാലിച്ച് സുരക്ഷിതമായി വേണം നടത്താനെന്നും അദ്ദേഹം പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *