നിലമ്പൂർ : നിലമ്പൂർ മണ്ഡലത്തില്‍ വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ സമഗ്ര പദ്ധതിക്ക് രൂപം നല്‍കാൻ ആര്യാടൻ ഷൗക്കത്ത് എംഎല്‍എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കർഷക പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനമായി. വനംവകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പദ്ധതി ആവിഷ്കരിക്കാൻ കർമ സമിതിക്ക് രൂപം നല്‍കി.ആന, പുലി, കരടി, പന്നി, മയില്‍, കുരങ്ങുകള്‍ തുടങ്ങിയ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയാണ് വ്യാപക നാശനഷ്ടങ്ങള്‍ വരുത്തുന്നത്. പലയിടത്തും ജനങ്ങള്‍ പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ്. കൃഷി നാശം കാരണം മലയോര മേഖലയിലെ കർഷകരും പ്രതിസന്ധിയിലാണ്. ഭീതി നിറഞ്ഞ ഈ അവസ്ഥക്ക് പരിഹാരം തേടിയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്.
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, നഗരസഭാ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്‍റുമാർ, നിലമ്പൂർ നോർത്ത്, സൗത്ത് ഡിഎഫ്‌ഒമാർ, റേഞ്ച് ഓഫീസർമാർ, തഹസില്‍ദാർ, ഐടിഡിപി പ്രൊജക്‌ട് ഓഫീസർ, കൃഷി ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, കർഷക പ്രതിനിധികള്‍, ആദിവാസി പ്രതിനിധികള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് കോർ ഗ്രൂപ്പിന് രൂപം നല്‍കുന്നത്.
യുവാക്കളെ ഉള്‍പ്പെടുത്തി ഇവർക്ക് പ്രത്യേക പരിശീലനവും യൂണിഫോമും നല്‍കി ദ്രുതകർമ സേനയുണ്ടാക്കും.
ചുങ്കത്തറയില്‍ ജനവാസ കേന്ദ്രത്തില്‍ നിലയറുപ്പിച്ച കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്താൻ സത്വര നടപടി സ്വീകരിക്കാൻ യോഗം നോർത്ത് ഡിഎഫ്‌ഒക്ക് നിർദശം നല്‍കി. വന്യജീവി സംഘർഷം തടയാൻ സന്നദ്ധ പ്രവർത്തകരായ യുവാക്കളെ ഉള്‍പ്പെടുത്തി ഇവർക്ക് പ്രത്യേക പരിശീലനവും യൂണിഫോമും നല്‍കി ദ്രുതകർമ സേനയുണ്ടാക്കും. വന്യജീവി സംഘർഷമുണ്ടാകുമ്പോള്‍ ഉടനടി ഇടപെടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ഇവരെയും നിയോഗിക്കും.പോത്തുകല്ലില്‍ പുലിയെ പിടികൂടാൻ പുതിയ കൂട് സ്ഥാപിക്കാനും തീരുമാനമായി.
നഗരസഭ ചെയർപേഴ്സണ്‍ മാട്ടുമ്മല്‍ സലീം, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പുഷ്പവല്ലി, നഗരസഭ വൈസ് ചെയർപേഴ്സണ്‍ അരുമജയകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഒ.ടി. ജെയിംസ് (എടക്കര), തങ്കമ്മ നെടുന്പടി (വഴിക്കടവ്), വിദ്യാരാജൻ (പോത്തുകല്‍), വല്‍സമ്മ സെബാസ്റ്റ്യൻ (ചുങ്കത്തറ), ഇല്ലിക്കല്‍ ഹുസൈൻ (അമരന്പലം), കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. സുരേഷ് ബാബു, എസിഎഫ് അനീഷ സിദ്ദീഖ്, നിലന്പൂർ റേഞ്ച് ഓഫീസർ അഖില്‍ നാരായണൻ, വഴിക്കടവ് റേഞ്ച് ഓഫീസർ പി. ഷെറീഫ്, കരുളായി റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ, കാളികാവ് റേഞ്ച് ഓഫീസർ രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.

