സംസ്ഥാനത്ത് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം(ബെസ്) വരുന്നു.

കണ്ണൂര്‍: സംസ്ഥാനത്ത് അഞ്ചിടത്ത് ബാറ്ററി പദ്ധതി (ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം-ബെസ്) വരും. ഇതുവഴി കെ.എസ്.ഇ.ബി.ക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. സൗരോര്‍ജമടക്കം പകല്‍ അധികമുള്ള വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച്‌ രാത്രി തിരിച്ചുനല്‍കുന്ന പദ്ധതിയാണ് ബെസ്

സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് നിര്‍വഹണ ഏജന്‍സി.

കെ.എസ്.ഇ.ബി.യുടെ കാസര്‍കോട് മൈലാട്ടി സബ് സ്റ്റേഷനില്‍ 125 മെഗാവാട്ട് ശേഷിയുള്ള പദ്ധതി ടെന്‍ഡറിലേക്ക് നീങ്ങി. പ്രമുഖ കമ്പനികളായ ടാറ്റ, അദാനി ഗ്രൂപ്പ്, വൈദ്യുതവാഹന നിര്‍മാതാക്കളായ ‘ഒല’ അടക്കം പങ്കെടുക്കുന്നുണ്ട്. ദിവസം അഞ്ചുലക്ഷം യൂണിറ്റ് (500 മെഗാവാട്ട് ഹവര്‍) വൈദ്യുതി നല്‍കുന്ന പദ്ധതിയാണിത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സെകി) ആണ് നിര്‍വഹണ ഏജന്‍സി. നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്‌.പി.സി.) നിര്‍വഹണ ഏജന്‍സിയായ നാല് മിനിപദ്ധതികളും ടെന്‍ഡറിലേക്ക് നീങ്ങി.

കാസര്‍കോട്ടെ മുള്ളേരിയ 110 കെ.വി. സബ് സ്റ്റേഷന്‍ സ്ഥലത്ത് 15 മെഗാവാട്ട് പദ്ധതിയാണ് വരുന്നത്. കണ്ണൂര്‍ ശ്രീകണ്ഠപുരം 110 കെ.വി. സബ്സ്റ്റേഷനില്‍ 40 മെഗാവാട്ട്, മലപ്പുറം അരീക്കോട് 220 കെ.വി. സബ് സ്റ്റേഷനില്‍ 30 മെഗാവാട്ട്, തിരുവനന്തപുരം പോത്തന്‍കോട് 220 കെ.വി. സബ് സ്റ്റേഷനില്‍ 40 മെഗാവാട്ട് പദ്ധതികള്‍ വരും.

കാസര്‍കോട് ആദ്യ ഹൈബ്രിഡ് സൗരോര്‍ജ പാര്‍ക്ക് സ്ഥാപിക്കും

ഇതിന് പുറമേ കാസര്‍കോട് ചീമേനിയില്‍ ‘ബെസ്’ സംവിധാനത്തോടുകൂടിയ ആദ്യ ഹൈബ്രിഡ് സൗരോര്‍ജ പാര്‍ക്ക് സ്ഥാപിക്കും. 100 മെഗാവാട്ട് ശേഷിയുള്ളതാണ് സൗരോര്‍ജ പാര്‍ക്ക്. 50 മെഗാവാട്ടുവരെ വൈദ്യുതി ശേഖരിക്കാന്‍ ശേഷിയുള്ള ബാറ്ററി സംവിധാനവും ഒപ്പം നിര്‍മിക്കും. കെ.എസ്.ഇ.ബി.ക്കും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കും തുല്യപങ്കാളിത്തമുള്ള പദ്ധതിയാണിത്. റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിനാണ് (ആര്‍.പി.സി.കെ.എല്‍.) മേല്‍നോട്ടം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →