ഇടുക്കി : മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡബിള്‍ ഡക്കർ ബസ് എത്തുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകള്‍ കാണാൻ പാകത്തില്‍ ഗ്ലാസ് പാനലിംഗ് നടത്തിയ ബസ്സ് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കെഎസ്‌ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്‌ആർടിസി റോയല്‍ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിള്‍ ഡക്കർ ബസ് സർവീസ്. കെ.എസ്.ആർ.ടി.സി യുടെ ആർ എൻ765 (കെ എല്‍ 15 9050) ഡബിള്‍ ഡക്കർ ബസ്സാണ് മുന്നാറിലേക്ക് എത്തുന്നത്.
50 സഞ്ചാരികള്‍ക്ക് ഒരു സമയം മൂന്നാറിന്റെ പ്രകൃതി മനോഹാരിത നേരിട്ട് ആസ്വദിക്കാം.
ബസ്സിൻ്റെ മുകള്‍ ഭാഗത്തും, ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള സുതാര്യമായ ഗ്ലാസ്സ് പാനലുകള്‍ ടൂറിസ്റ്റുകള്‍ക്ക് തേയില തോട്ടങ്ങളുടേയും, കോടമഞ്ഞിന്റെയും, മൂന്നാറിന്റെ പ്രകൃതി മനോഹാരിതയും നേരിട്ട് ആസ്വദിക്കുന്നതിന് സഹായകമാവും.ബസ്സിലെ രാത്രി യാത്രകള്‍ വ്യത്യസ്തമാക്കാൻ വിവിധ നിറങ്ങളിലുള്ള പ്രകാശസംവിധാനവും ഏർപ്പെടുത്തി. ബസ്സിന്റെ മുകള്‍ നിലയില്‍ 38 പേർക്കും താഴത്തെ നിലയില്‍ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികള്‍ക്ക് ഒരു സമയം യാത്ര ചെയ്യാം. യാത്രാസുഖത്തിനായി ആധുനിക രീതിയിലുള്ള സീറ്റുകളും ഒരുക്കി.
ഫോട്ടോഷൂട്ട് അടക്കമുള്ള അനന്തസാധ്യതകള്‍ക്ക് വഴി തുറക്കും
ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാൻ മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നീ സംവിധാനങ്ങളും ബസ്സിലുണ്ട്.യാത്രാവേളയില്‍ കുടിവെള്ളം, ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയവ ലഭ്യമാകുന്നതിനും, അത്യാവശ്യഘട്ടങ്ങളില്‍ മൊബൈല്‍ ചാർജ്ജിംഗ് നടത്തുന്നതിനുമുള്ള സംവിധാനങ്ങളും ലഭ്യമാണ്.ബസ്സിൻ്റെ മനോഹരമായ രൂപകല്‍പ്പനയും സംവിധാനങ്ങളും ഫോട്ടോഷൂട്ട് അടക്കമുള്ള അനന്തസാധ്യതകള്‍ക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ.
ഡബിള്‍ ഡക്കർ ബസ് സർവീസിന്റെ ട്രയല്‍ റണ്‍ മൂന്നാറില്‍ നടന്നിരുന്നു
തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകള്‍ എന്ന പേരില്‍ ആരംഭിച്ച ഓപ്പണ്‍ ഡബിള്‍ ഡക്കർ സർവീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്‌ആർടിസിയുടെ ഈ പുതുവത്സര സമ്മാനം . കഴിഞ്ഞ ഏപ്രിലില്‍ ഡബിള്‍ ഡക്കർ ബസ് സർവീസിന്റെ ട്രയല്‍ റണ്‍ മൂന്നാറില്‍ നടന്നിരുന്നു. ഈ മാസം രണ്ടാം വാരത്തോടെ മൂന്നാറില്‍ സർവീസ് ആരംഭിക്കുന്നതിനാണ് കെ എസ് ആർ ടി സി തയ്യാറെടുക്കുന്നത്.


