റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപഭോക്തൃ സേവന, തർക്ക പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനില്‍

December 25, 2024 - 6:01 am

തിരുവനന്തപുരം : ഉപഭോക്തൃ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള സർക്കാർ സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനില്‍. ദേശീയ ഉപഭോക്ത്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 24 ന് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാളില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്‌കൂള്‍ – കോളേജ് തലത്തില്‍ ആയിരം ബോധവല്‍ക്കരണ ക്ലബ്ബുകള്‍ സ്ഥാപിക്കും

ഓണ്‍ലൈൻ വില്‍പ്പനയുടെയും മള്‍ട്ടി ലെവല്‍ മാർക്കറ്റിംഗിന്റെയും കാലഘട്ടത്തില്‍ ഉപഭോക്തൃ സേവന, തർക്ക പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി തർക്ക പരിഹാര സേവനങ്ങള്‍ക്ക് ഓണ്‍ലൈൻ, വീഡിയോ കോണ്‍ഫറൻസിങ് മാർഗ്ഗങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കും. സ്‌കൂള്‍ – കോളേജ് തലത്തില്‍ ആയിരം ബോധവല്‍ക്കരണ ക്ലബ്ബുകള്‍ സ്ഥാപിച്ച്‌ വിദ്യാർഥികളെ ഉപഭോക്തൃ സേവന പ്രചാരകരാക്കുമെന്നും മന്ത്രി പറഞ്ഞു.

സമയബന്ധിതമായി തർക്കങ്ങള്‍ പരിഹരിക്കാൻ കഴിയുന്നുണ്ടെന്ന് മന്ത്രി

ഉപഭോക്തൃ ശാക്തീകരണത്തിലും ഉപഭോക്തൃ സംസ്‌കാരത്തിലും കേരളം ഏറെ മുന്നിലാണ്. തർക്കപരിഹാരം ബോധവല്‍ക്കരണം നയരൂപീകരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഉപഭോക്തൃ ശാക്തീകരണത്തിനും സേവനങ്ങള്‍ക്കുമായി സർക്കാർ ഫലപ്രദമായ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ട്. ഗുണഭോക്താക്കള്‍ തർക്കപരിഹാര കമ്മീഷൻ സേവനം നല്ല തോതില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും സമയബന്ധിതമായി തർക്കങ്ങള്‍ പരിഹരിക്കാൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കമ്മീഷനുകള്‍ പോലീസ് സഹായത്തോടെ വിധി നടപ്പാക്കാൻ തുടങ്ങി

സംസ്ഥാനത്ത് ഉപഭോക്തൃ പരാതി പരിഹാര നിരക്ക് അൻപത് ശതമാനത്തില്‍ നിന്ന് നിലവില്‍ 168 ശതമാനമായി വർധിച്ചിട്ടുണ്ട്. നമ്മുടെ കമ്മീഷനുകള്‍ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് തർക്ക പരിഹാരത്തിനുള്ള വേഗവും വർധനവും. കമ്മീഷനുകള്‍ പോലീസ് സഹായത്തോടെ വിധി നടപ്പാക്കാൻ കൂടി തുടങ്ങിയപ്പോള്‍ ജനങ്ങളില്‍ കൂടുതല്‍ വിശ്വാസ്യതയും പരിഹാരമുണ്ടാകുമെന്നുള്ള ഉറപ്പുമുണ്ടായെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അഡ്വ.ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. വഴുതക്കാട് വാർഡ് കൗണ്‍സിലർ അഡ്വ.രാഖി രവികുമാർ, തൈക്കാട് വാർഡ് കൗണ്‍സിലർ മാധവദാസ് ജി, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പി.വി.ജയരാജൻ, കണ്‍സ്യൂമർ കമ്മീഷൻ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എൻ.ജി.മഹേഷ് തുടങ്ങിയവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *