ജീവിതത്തില്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ൯ ശ്രമിക്കണമെന്ന് മമ്മുട്ടി

കൊച്ചി: കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് കുട്ടികളെ ഓര്‍പ്പെടുത്തി മമ്മുട്ടി. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോള്‍ മാത്രമാണ് മത്സരമുണ്ടാകുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുതെന്നും മമ്മൂട്ടി പറഞ്ഞു . 2024 നവംബർ 4ന് കൊച്ചിയിൽ ആരംഭിച്ച കേരള സ്കൂള്‍ കായികമേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു മമ്മുട്ടി.

കേരളത്തിന്റെ കൗമാരശക്തിതന്നെ അത്ഭുതപ്പെടുത്തുന്നു

കേരളത്തിന്റെ കൗമാരശക്തിതന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും മമ്മുട്ടി പറഞ്ഞു. നാടിന്റെ അഭിമാനതാരങ്ങളാണ് നിങ്ങള്‍. ജീവിതത്തില്‍ രണ്ടാമതോ മൂന്നാമതോ അവസരങ്ങള്‍ കിട്ടുന്നവ൪ വളരെ ചുരുക്കമാണ്. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ൯ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഒരു നൂറ് ഒളിംപിക്‌സ് മെഡലുകളുമായി രാജ്യത്തിന്റെ അഭിമാനമാകാ൯ ഓരോ കായിക താരത്തിനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കായിക മേളയ്ക്ക് വര്‍ണാഭമായ തുടക്കം

കായിക കേരളത്തിന്റെ പ്രതീക്ഷകള്‍ വാനോളമുയ൪ത്തിയാണ് കേരള സ്‌കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ വര്‍ണാഭമായ തുടക്കമായത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ വേദിയില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു. പതിനാല് ജില്ലകളില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച്‌ പാസ്റ്റോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്.

സ്‌റ്റേഡിയത്തില്‍ നടന്ന ദീപശിഖാപ്രയാണത്തില്‍ പാലക്കാട് ജിഎംജി ഹയര്‍സെക്കന്ററി സ്‌കൂളിലെ എസ്. സായന്ത്, മുരിക്കുംവയല്‍ വി.എച്ച്‌.എസ്.സി.യിലെ ജ്യുവല്‍ തോമസ്, കണ്ണൂര്‍ സ്‌പോര്‍ട്ട്‌സ് സ്‌കൂളിലെ അഖില രാജ൯, കണ്ണൂ൪ സ്‌പോര്‍ട്ട്‌സ് ഡിവിഷനിലെ ശ്രീജി ഷാജി, സവിശേഷ പരിഗണന അര്‍ഹിക്കുന്ന എസ്. യശ്വിത, അനു ബിനു എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇവരില്‍ നിന്നും മേളയുടെ ബ്രാന്‍ഡ് അംബാസിഡറായ ഒളിമ്ബ്യ൯ പി. ആ൪. ശ്രീജേഷ് ദീപശിഖ ഏറ്റുവാങ്ങി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പി. ആ൪. ശ്രീജേഷും വെളി ഇ.എം.എച്ച്‌.എസ്സിലെ സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായികതാരമായ ശ്രീലക്ഷ്മിയും ചേര്‍ന്ന് ദിപശിഖ തെളിയിച്ചു. ശ്രീജി ഷാജി കായികതാരങ്ങള്‍ക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →