12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: 70 വയസ് പൂർത്തിയായ എല്ലാ മുതിർന്ന പൗരന്മാർക്കുമായി ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിച്ചു. ഇതോടൊപ്പം ആരോഗ്യമേഖലയിലെ കേന്ദ്രസർക്കാരിന്‍റെ 12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ആയുർവേദം പകർന്നുതന്നുവെന്നു വിശ്വസിക്കുന്ന ധന്വന്തരിയുടെ ജന്മദിനവും ഒമ്പതാം ആയുർവേദ ദിനവും പ്രമാണിച്ചാണ് 70 വയസ് പൂർത്തിയായവർക്കും അതില്‍ കൂടുതല്‍ പ്രായമുള്ളവർക്കും കൂടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചത്.
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎം-ജെഎവൈ) യുടെ തുടർച്ചയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയില്‍ മുതിർന്ന പൗരന്മാരെക്കൂടി ഉള്‍പ്പെടുത്തിയതോടെ 70 വയസില്‍ കൂടുതലുള്ളവർക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ പരിരക്ഷ ലഭിക്കും.

ഡല്‍ഹിയിലെയും പശ്ചിമബംഗാളിലെയും സർക്കാരുകള്‍ ഈ പദ്ധതിയില്‍ ചേരുന്നില്ല.

എന്നാൽ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാത്ത പശ്ചിമബംഗാള്‍, ഡല്‍ഹി സർക്കാരുകളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ഡല്‍ഹിയിലെയും പശ്ചിമബംഗാളിലെയും വയോജനങ്ങളെ സേവിക്കാൻ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നതായി മോദി പറഞ്ഞു.
നിങ്ങള്‍ വിഷമത്തിലാണെന്ന് അറിയാം, പക്ഷേ സഹായിക്കാൻ കഴിയില്ല. കാരണം ഡല്‍ഹിയിലെയും പശ്ചിമബംഗാളിലെയും സർക്കാരുകള്‍ ഈ പദ്ധതിയില്‍ ചേരുന്നില്ല. രാഷ്‌ട്രീയതാത്പര്യങ്ങള്‍ക്കായി രോഗികളോടു ക്രൂരത കാട്ടുന്ന പ്രവണത മനുഷ്യത്വരഹിതമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെയും ആം ആദ്മി പാർട്ടിയെയും ലക്ഷ്യമിട്ട് മോദി കൂട്ടിച്ചേർത്തു.

ആറു കോടിയോളം മുതിർന്ന പൗരന്മാർക്ക് പദ്ധതി പ്രയോജനപ്പെടും

ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ നേരത്തേ ചേർന്നവർക്ക് അഞ്ചു ലക്ഷം രൂപയുടെകൂടി പ്രയോജനം ലഭിക്കും. ആറു കോടിയോളം മുതിർന്ന പൗരന്മാർക്ക് പദ്ധതി പ്രയോജനപ്പെടുത്താനാണു സർക്കാർ ലക്ഷ്യമിടുന്നത്. പിഎം-ജെഎവൈ കാർഡ് 2018ലും ആയുഷ്മാൻ ഭാരത് കാർഡ് 2021 ലുമാണ് പുറത്തിറക്കിയത്.ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, തൊഴില്‍-യുവജനക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം