റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും

October 27, 2024 - 7:04 am

വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. “ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും” എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും നേരിട്ട് ഏറ്റുമുട്ടുന്നത് ഇതോടെ അവസാനിക്കണം. ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്നതു നിർത്തണം. ലബനനിലെ യുദ്ധം അവാനിപ്പിക്കുക, ഗാസയില്‍ വെടിനിർത്തലുണ്ടാവുക, ഇസ്രേലി ബന്ദികളുടെ മോചനം സാധ്യമാക്കുക എന്നിവയ്ക്കുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്കാൻ യുഎസ് തയാറാണ്.” ഇറാനിലെ ഇസ്രേലി ആക്രമണത്തില്‍ യുഎസിനു പങ്കില്ല. നയതന്ത്രത്തിലൂടെ പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കലാണ് യുഎസിന്‍റെ ലക്ഷ്യമെന്ന് വക്താവ് കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയില്‍ സംഘർഷം വിതയ്ക്കുന്നവർ വലിയ വില നല്കേണ്ടിവരും.

.വീണ്ടും സംഘർഷം വർധിപ്പിക്കുകയെന്ന തെറ്റ് ചെയ്യാൻ ഇറാൻ മുതിരരുതെന്ന് ഇസ്രേലി സൈനിക വക്താവ് റിയർ അഡ്മിറല്‍ ഡാനിയല്‍ ഹാഗാരി മുന്നറിയിപ്പു നല്കി. ഇസ്രയേലിനു നേരിട്ടു ഭീഷണി ഉയർത്തുന്ന ഇറേനിയൻ സൈനിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രേലി സേന ദൗത്യം പൂർത്തിയാക്കിക്കഴിഞ്ഞു. സംഘർഷത്തിന്‍റെ പുതിയൊരു റൗണ്ട് ആരംഭിക്കാനാണ് ഇറാൻ ഭരണകൂടം ഉദ്ദേശിക്കുന്നതെങ്കില്‍ ഇസ്രയേലിനു പ്രതികരിക്കേണ്ടിവരും. ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. ഇസ്രയേലിനു ഭീഷണി ഉയർത്തുന്നവരും പശ്ചിമേഷ്യയില്‍ സംഘർഷം വിതയ്ക്കുന്നവരും വലിയ വില നല്കേണ്ടിവരും. അതിനുള്ള ശേഷി ഇസ്രയേലിനുണ്ടെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ആക്രമണം. ആക്രമണത്തിനും പ്രതിരോധത്തിനും ഇസ്രയേല്‍ തയാറായിക്കഴിഞ്ഞെന്നും ഹാഗാരി കൂട്ടിച്ചേർത്തു

ആക്രമണം മുൻകൂട്ടി അറിയിച്ചശേഷം

ഇറാനെ മുൻകൂട്ടി അറിയിച്ച ശേഷമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ട്. ഡച്ച്‌ വിദേശകാര്യമന്ത്രി അടക്കമുള്ള മൂന്നാം കക്ഷികളിലൂടെയാണ് ഇറാനെ ഇസ്രയേല്‍ വിവരം അറിയിച്ചതെന്ന് അമേരിക്കൻ, ഇസ്രേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇറാൻ തിരിച്ചടിച്ചാല്‍ കൂടുതല്‍ ശക്തിയായ ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇസ്രയേല്‍ നല്കി. പരസ്പരമുള്ള ആക്രമണങ്ങള്‍ പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഇസ്രയേലിന്‍റെ നീക്കങ്ങളെന്ന് യുഎസിലെ ആക്സിയോസ് വാർത്താ വെബ്സൈറ്റിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. ആക്രമിക്കാൻ പോകുന്ന കാര്യം പൊതുവെയും, എന്തൊക്കെ ആക്രമിക്കില്ലെന്ന കാര്യം പ്രത്യേകിച്ചും ഇറാനെ അറിയിച്ചു. ഒക്‌ടോബർ ഒന്നിനും ഏപ്രില്‍ 14നും ഇസ്രയേലില്‍ ആക്രമണം നടത്താൻ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ നിർമാണ കേന്ദ്രങ്ങളെയാണ് ശനിയാഴ്ച പുലർച്ചെ ലക്ഷ്യമിട്ടതെന്ന് ഇസ്രേലി സേന പറഞ്ഞു.

അമേരിക്കൻ നിർദേശം പാലിച്ചു

ടെല്‍ അവീവ്: ഇറാന്‍റെ എണ്ണയുത്പാദന കേന്ദ്രങ്ങളോ, ആണവ സംവിധാനങ്ങളോ ആക്രമിക്കരുതെന്ന അമേരിക്കൻ ഉപദേശം അനുസരിച്ചായിരുന്നു ഇസ്രയേലിന്‍റെ ആക്രമണം. ഇറാനു നല്കുന്ന തിരിച്ചടിയില്‍ ആണവ, എണ്ണ കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശിച്ചിരുന്നു. പശ്ചിമേഷ്യാ സംഘർഷം വർധിക്കരുതെന്ന ഉദ്ദേശ്യത്തിലായിരുന്നു അമേരിക്കൻ നീക്കങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *