കോഴിക്കോട്: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ്ടുപോയ അര്‍ജുന്റെ സംസ്‌കാരച്ചടങ്ങ് 74 ദിവസങ്ങൾക്കുശേഷം 2024 സെപ്തംബർ 28 ശനിയാഴ്ച വീട്ടുവളപ്പിൽ നടന്നു. അര്‍ജുന്‍ പണികഴിപ്പിച്ച അമരാവതി എന്ന വീടിന്‍റെ മുറ്റത്ത് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി.
കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അന്ത്യയാത്ര
സെപ്തംബർ 28ന് രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് ജനങ്ങള്‍ തിങ്ങിനിറഞ്ഞ കണ്ണാടിക്കലിലെ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്.വീട്ടിലേക്കുളള വഴി നീളെ ആംബുലന്‍സിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. .ആദ്യം ബന്ധുക്കള്‍ക്കു മാത്രമായി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കുറച്ച് സമയം നല്‍കി. പിന്നീട് നാട്ടുകാര്‍ക്കും പല നാടുകളില്‍ നിന്നെത്തിയവര്‍ക്കുമായി പൊതുദര്‍ശനം നടന്നു.
വിലാപയാത്രയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുളളവർ
കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മന്ത്രി എ.കെ. ശശീന്ദ്രനും കെ.കെ. രമ എംഎല്‍എയും ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാറും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി. ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെനിന്നാണ് രാവിലെ ഒമ്പതരയോടെ വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. കേരള, കര്‍ണാടക പോലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു. മന്ത്രി കെ.ബി. ഗണേഷ് കുമാറും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം .അഷ്റഫും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു . അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്തിമോപചാരമര്‍പ്പിച്ചത്. അർജുന്‍റെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ എത്തിയ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും അന്തിമോപചാരമര്‍പ്പിച്ചു.
അർജുന്റെ മകൻ മൂന്നു വയസുകാരന്‍ അയാന്‍ കണ്ടുനിന്നവരുടെ കണ്ണു നിറച്ചു. അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരിമാരായ അഞ്ജു, അഭിരാമി, അമ്മ ഷീല, അച്ഛന്‍ പ്രേമന്‍ എന്നിവര്‍ വിങ്ങിപ്പൊട്ടി യാത്രാമൊഴിയേകി.