ന്യൂയോർക്ക്: മധ്യേഷ്യയിലെ സംഘർഷം വ്യാപിപ്പിക്കാനോ ലബനനിലെ സാഹചര്യങ്ങളെ ദുരുപയോഗിക്കാനോ ഇറാനെയോ ആ രാജ്യം പിന്തുണയ്ക്കുന്ന സംഘടനകളെയോ അനുവദിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ളയുടെ കൊലപാതകത്തിനു പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇസ്രയേലിനു പിന്തുണയുമായി അമേരിക്ക എത്തിയത്. സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഇക്കാര്യത്തിൽ രാജ്യത്തിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും ഓസ്റ്റിൻ വ്യക്തമാക്കി.
യുഎസ് സുരക്ഷാസന്നാഹങ്ങൾ ഇസ്രയേലിൻറെ പ്രതിരോധത്തിനായി ഉപയോഗിക്കും
ഇസ്രേലി പ്രതിരോധമന്ത്രി യോവ് ഗാലൻറിനെ ഫോണിൽ വിളിച്ചാണ് യുഎസ് പ്രതിരോധ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. മേഖലയിലെ യുഎസ് സുരക്ഷാസന്നാഹങ്ങൾ ഇസ്രയേലിൻറെ പ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് പെൻറഗൺ വക്താവ് പാറ്റ് റൈഡർ പ്രസ്താവനയിൽ അറിയിച്ചു.
ഇത്തരം പ്രകോപനങ്ങൾ മേഖലയിലെ സംഘർഷം രൂക്ഷമാക്കാനേ ഉപകരിക്കൂവെന്ന് ക്രംലിൻ
അതേസമയം, ഹിസ്ബുള്ള മേധാവി ഹസൻ നസ്രുള്ളയെ കൊലപ്പെടുത്തിയതിനെ റഷ്യ അപലപിച്ചു. ഇത്തരം പ്രകോപനങ്ങൾ മേഖലയിലെ സംഘർഷം രൂക്ഷമാക്കാനേ ഉപകരിക്കൂവെന്ന് ക്രംലിൻ വക്താവ് പറഞ്ഞു.