ന്യൂഡല്‍ഹി: മതപരിവർത്തനം തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമാകുമെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സുപ്രീംകോടതി നീക്കം ചെയ്തു. ഹൈക്കോടതിയുടെ പരാമർശം അനാവശ്യമാണെന്നും നീക്കം ചെയ്യണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഉത്തർപ്രദേശില്‍ മതംമാറ്റം തടയല്‍ നിയമപ്രകാരം അറസ്റ്റിലായ കൈലാഷ് എന്നയാള്‍ക്കു ജാമ്യം നിഷേധിച്ചായിരുന്നു അലഹാബാദ് ഹൈക്കോടതി ജഡ്ജി രോഹിത് രഞ്ജൻ അഗർവാളിന്‍റെ വിവാദ പരാമർശം.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇതുപോലുള്ള നിരീക്ഷണങ്ങള്‍ പാടില്ല
2024 സെപ്തംബർ 27 വെളളിയാഴ്ചയായിണ് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം തടഞ്ഞ് സുപ്രീം കോടതി വിധി വന്നത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇതുപോലുള്ള നിരീക്ഷണങ്ങള്‍ പാടില്ലെന്നും ഇത്തരം പരാമർശങ്ങള്‍ ഒരു കേസിലും നടത്തരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ പൊതുവായ നിരീക്ഷണങ്ങള്‍ക്ക് ഈ കേസിന്‍റെ വസ്തുതകളുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പ്രതിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
അതേസമയം, നീണ്ട കസ്റ്റഡി കാലാവധി പരിഗണിച്ചു പ്രതിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പ്രതി ഉത്തർപ്രദേശില്‍നിന്ന് ആളുകളെ ഡല്‍ഹിയിലേക്കെത്തിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്നായിരുന്നു കേസ്.