പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍

പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്.
നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള കലൂരില്‍ തന്നെയാണ് വിനായകന്‍ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്‍റെ പേരില്‍ വിനായകന്‍ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മഫ്തിയില്‍ വനിത പൊലീസ് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകന്‍ ബഹളം വെച്ചു. അതിനുശേഷം വൈകിട്ട് ആറോടെയാണ് വിനായകന്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സ്റ്റേഷന് മുന്നില്‍നിന്നും സിഗരറ്റ് വലിച്ചതിന് വിനായകനില്‍നിന്ന് പൊലീസ് പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനില്‍ കയറി വീട്ടിലേക്ക് വന്ന വനിത പൊലീസ് ആരാണെന്ന് അറിയണമെന്ന് പറഞ്ഞ് ബഹളം വെച്ചു. ഇതിനിടയിൽ സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലും പോയി ബഹളം വെച്ചു.
വലിയ രീതിയില്‍ ബഹളം വെക്കുകയും അസ്യഭവര്‍ഷം നടത്തുകയുമായിരുന്നുവെന്നും മദ്യലഹരിയിലാണെന്ന് അപ്പോള്‍ തന്നെ വ്യക്തമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബഹളം വെക്കുന്നത് തുടര്‍ന്നതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനം തടസപ്പെടുത്തിയതിന് വിനായകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കി. വൈദ്യപരിശോധനയില്‍ വിനായകന്‍ മദ്യപിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. പൊതുയിടത്തില്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതിനും സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് വിനായകനുള്ളത്

Share
അഭിപ്രായം എഴുതാം