ഇടുക്കി: വണ്ടിപ്പെരിയാറിൽ ജനവാസ മേഖലയിൽ തോട്ടം തൊഴിലാളികൾക്ക്ഇ ഭീഷണിയായി ഇറങ്ങിയ പുലിയെ പിടികുടാൻ കൂട് സ്ഥാപിച്ചു. ആറു മാസത്തിൽ അധികമായി വണ്ടിപെരിയാർ മൂങ്കലാർ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ട്. നിരവധി വളർത്ത് മൃഗങ്ങളെ പുലി ആക്രമിച്ചു കൊന്നിരുന്നു. മൂങ്കലാറിൽ നിന്നും ആട്, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് പതിവായിരുന്നു. ജനരോക്ഷം ശക്തമായത്തോടെയാണ് മേഖലയിൽ ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചത്. ഇതിൽ പുലിയെ കണ്ടതിനേ തുടർന്നാണ് നിലവിൽ കൂട് സ്ഥാപിച്ചിരിക്കുന്നത്.
പല തവണ തോട്ടം തൊഴിലാളികൾ പുലിയെ നേരിട്ട് കാണുകയും ചെയ്തു. പുലിയുടെ സാന്നിധ്യം മൂലം തോട്ടങ്ങളിൽ ജോലിയ്ക്ക് പോകാൻ പോലും തൊഴിലാളികൾ ഭയപ്പെട്ടിരുന്നു. പല തവണ പുലിയുടെ സാന്നിധ്യം അറിയിച്ചെങ്കിലും മേഖലയിൽ സന്ദർശനം നടത്തിയതല്ലാതെ വനം വകുപ്പ് തുടർ നടപടികൾ സ്വികരിച്ചിരുന്നില്ല. ഇതേ തുടർന്ന്
വളർത്തു മൃഗങ്ങളെ വ്യാപകമായി കാണാതാകുന്നതായി നാട്ടുകാർ പരാതി നൽകിയതോടെ വനംവകുപ്പ് ഏഴോളം നിരീക്ഷണ ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചത്. ഒന്നിലധികം പുലികൾ ഉണ്ടോയെന്നും നിരീക്ഷണം നടത്തുന്നുണ്ടെന്ന് വനംവകുപ്പ് വിശദമാക്കിയിരുന്നു. ചെല്ലാർകോവിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പികെ വിനോദ്, ജെ വിജയകുമാർ എന്നിവരുടെ സംഘമാണ് മേഖലയിൽ ക്യാമറ സ്ഥാപിച്ചത്.



