തൃശൂർ: പൊതുപ്രവർത്തകർ സാമൂഹ്യനന്മയ്ക്കായി സർവവും ത്യജിക്കാൻ സന്നദ്ധരായിരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവർ സ്വാർഥനേട്ടങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരാവരുതെന്ന് ഗവർണ്ണർ പറഞ്ഞു. തങ്ങൾക്ക് മുന്നിൽ എത്തുന്ന സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തനമാണ് പൊതുപ്രവർത്തകർ ചെയ്യേണ്ടത്. അതിനുവേണ്ടി സ്വന്തമായുള്ളതെല്ലാം ത്യജിക്കേണ്ടി വന്നാൽ അതിനും തയാറാകണം. ശ്രീരാമചന്ദ്രൻ അത്തരം മാതൃകയാണ് ലോകത്തിനുമുന്നിൽ കാണിച്ചുതന്നത്- ഗവർണർ പറഞ്ഞു. തൃശൂരിൽ സമർപ്പണ രാമായണ ഫെസ്റ്റിന്റെ ഭാഗമായുള്ള ശബരി ആദരവും വാല്മീകി പുരസ്കാര സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ചടങ്ങിൽ വാല്മീകി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് ഗവർണർ സമ്മാനിച്ചു.



