യൂട്യൂബ് തുറക്കുമ്പോൾ ഹോം പേജിൽ വീഡിയോകൾ ഒന്നും കാണാതെ വരുന്നുണ്ടോ? എന്നാൽ അമ്പരപ്പെടേണ്ട യൂട്യൂബിന്റെ പുതിയ അപ്‌ഡേഷന്റെ ഭാഗാമണിത്. വാച്ച് ഹിസ്റ്ററി ഓഫാക്കുന്നവരാണേൽ നിങ്ങൾക്ക് ഇനി മുതൽ യൂട്യൂബ് ഹോം പേജിൽ വീഡിയോ റെക്കമെന്റേഷൻ നൽകില്ല.
നമ്മുടെ വാച്ച് ഹിസ്റ്ററി അനുസരിച്ചാണ് യൂട്യൂബ് അതിന്റെ ഹോം പേജിൽ വീഡിയോകൾ റെക്കമെന്റേഷൻ നൽകാറുള്ളത്. എന്നാൽ വാച്ച് ഹിസ്റ്ററി ഓഫാക്കുമ്പോൾ റെക്കമെന്റേഷൻ നൽകാൻ യൂട്യൂബിന് കഴിയില്ല. ഇങ്ങനെയാണ് നിങ്ങളുടെ യൂട്യൂബ് എങ്കിൽ ഹോംപേജിൽ സെർച്ച് ബാറും പ്രൊഫൈൽ ചിത്രവും മാത്രമായിരിക്കും ഉണ്ടാവുക.
അതായത് വാച്ച് ഹിസ്റ്ററി യൂട്യൂബിനും അതുപോലെ യൂസർമാർക്കും ഏറെ പ്രധാനമാണെന്നാണ് ചുരുക്കം. എന്നാൽ പുതിയ അപ്‌ഡേഷനിൽ യൂട്യൂബ് വിശദീകരണവും നൽകിയിട്ടുണ്ട്. വീഡിയോ റെക്കമെന്റേഷനുകളുടെ ശല്യമില്ലാതെ ഉപയോക്താക്കൾക്ക് അവർ കാണാൻ ആഗ്രഹിക്കുന്ന ഉള്ളടക്കം തിരയാനും സബ്‌സ്‌ക്രൈബ് ചെയ്ത ചാനലുകളിലേക്ക് എളുപ്പം പോകാനും പുതിയമാറ്റം സഹായകരമാകുമെന്നാണ് യൂട്യൂബ് പറയുന്നത്.
എന്നാൽ ഹോം പേജ് ശൂന്യമായി കിടക്കുന്നത് നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ ക്രമീകരണം മാറ്റാവുന്നതാണ്. പുതിയ അപ്‌ഡേഷൻ യൂട്യൂബ് ആരംഭിച്ചുകഴിഞ്ഞു. എല്ലാ ഉപയോക്താക്കളിലേക്കും ഇത് ഉടൻ എത്തിച്ചേരും. ഈ ഫീച്ചർ യൂട്യൂബിന്റെ പുതിയ കാഴ്ചാനുഭവത്തിന്റെ ഭാഗമാണ്, ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ വരുമെന്നും യൂട്യൂബ് പറയുന്നു.
