ഗിരിദിഹ്: ജാര്‍ഖണ്ഡില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരുമായി റാഞ്ചിയില്‍ നിന്ന് ഗിരിദിഹിലേയ്ക്ക് വരികയായിരുന്ന ബസ് ബരാകിര്‍ നദിയിലേയ്ക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.ഓഗസ്റ്റ് 5 രാത്രി 8.40 ഓടെയാണ് അപകടം നടന്നതെന്ന് ഗിരിദിഹ് സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ അനില്‍ കുമാര്‍ പറഞ്ഞു. ഗിപിദിഹ് – ദുമ്രി ദേശീയ പാതയില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് ബസ് അപകടത്തില്‍പ്പെടാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകട സമയത്ത് ബസില്‍ 30 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ നിന്നുള്ള കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാദേവി, ഗിരിദിഹ് എംഎല്‍എ സുദിവ്യ കുമാര്‍ സോനു, ഡിസി നമന്‍ പ്രിയേഷ് ലക്ഡ, എസ്പി ദീപക് ശര്‍മ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.




