മാല്‍മോ: സ്വീഡനില്‍ നടന്ന റോഡ് ഉപരോധസമരത്തിനിടെ നിയമലംഘനം നടത്തിയെന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗിന് 1500 സ്വീഡിഷ് ക്രോണര്‍ (ഏകദേശം 12,000 രൂപ) പിഴശിക്ഷ വിധിച്ചു. കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് നല്‍കാനുള്ള ഫണ്ടിലേക്ക് 1000 ക്രോണര്‍ കൂടി നല്‍കണം. ദക്ഷിണ സ്വീഡനിലെ മാല്‍മോയിലെ ജില്ലാ കോടതിയുടേതാണു വിധി.
ജൂണ്‍ 19നു സ്വീഡനിലെ മാല്‍മോ തുറമുഖത്ത് ഓയില്‍ ടെര്‍മിനലിലേക്കുള്ള ഗതാഗതം തടഞ്ഞായിരുന്നു ഗ്രേറ്റയുടെയും ‘റിക്ലെയിം ദ് ഫ്യൂച്ചര്‍’ സംഘടനാ പ്രവര്‍ത്തകരുടെയും സമരം. റോഡ് ഒഴിഞ്ഞ് സ്ഥലം വിടാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ലെന്നാണു കേസ്. 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ചുമത്തിയിരുന്നു. ടാങ്കര്‍ ലോറികള്‍ തടഞ്ഞതും ഗ്രേറ്റ അതിന്റെ സെല്‍ഫികള്‍ പങ്കുവച്ചതും വാര്‍ത്തയായിരുന്നു. ആ നിയമലംഘനം അത്യാവശ്യമായിരുന്നുവെന്നു ഗ്രേറ്റ പ്രതികരിച്ചു. ഇരുപതുകാരിയായ ഗ്രേറ്റയുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പിഴ നിശ്ചയിച്ചത്.