ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നു. അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടു. ഇംഫാലിലെ ന്യൂ ചെക്കോണിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചു.
സംസ്ഥാനത്ത് വീണ്ടും അക്രമസംഭവങ്ങൾ വർധിച്ചതോടെ സൈന്യവും അസം റൈഫിൾസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ മന്ത്രി നെംച കിപ്ഗെന്‍റെ ഔദ്യോഗിക ക്വാർട്ടേഴ്സിന് അക്രമികൾ തീയിട്ടു. അഗ്നിശമന സേന കൃത്യ സമയത്ത് ഇടപെട്ടതിനാൽ തീ പടർന്നു പിടിച്ചില്ല.
സായുധ സംഘത്തിന്‍റെ ആക്രമണത്തിൽ ബുധനാഴ്ച 9 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണിപ്പൂരിനെ സാധാരണ സ്ഥിതിയിലേക്കെത്തിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടിരുന്നു. എന്നാൽ അതിനു ശേഷവും സംസ്ഥാനത്ത് സംഘർഷങ്ങൾ കത്തിപ്പടരുകയാണ്. ഇതിനകം നൂറിലധികം പേരാണ് സാമുദായിക സംഘർഷങ്ങളെത്തുടർന്ന് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.



