കോന്നി: ളാക്കൂര്‍ സ്വദേശികളായ ദമ്പതികള്‍ കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. പ്രമാടം ളാക്കൂര്‍ പുത്തേത്ത് പുത്തന്‍ വീട്ടില്‍ സൈമണ്‍- ലിസി ദമ്പതികളുടെ മകന്‍ സൈജു സൈമണ്‍ (34), ഭാര്യ ജീന (33) എന്നിവരാണ് മരിച്ചത്.
04/05/23 വ്യാഴാഴ്ച രാവിലെ സല്‍മിയായിലെ താമസ സ്ഥലത്ത് സൈജുവിനെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ഇവരുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ മുറി ഉള്ളില്‍നിന്ന് പൂട്ടിയിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജീനയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ ആംബുലന്‍സ് ജീവനക്കാരനാണ് സൈജു. ജീന അധ്യാപികയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ജീനയെ കൊലപ്പെടുത്തിയ ശേഷം സൈജു ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുവൈത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. സിനി, സിമി എന്നിവര്‍ സൈജുവിന്റെ സഹോദരിമാരാണ്. എല്ലാവരും കുടുംബസമേതം കുവൈത്തിലായിരുന്നു. പിതാവ് സൈമണ്‍, മാതാവ് ആലീസ്, സൈജുവിന്റെ മകന്‍ എന്നിവര്‍ നാട്ടിലെ കുടുംബ വീട്ടിലാണ് താമസിക്കുന്നത്. സൈജുവിനു വേണ്ടി വീട് നിര്‍മാണം നടന്നുവരുന്നതിനിടെയാണു മരണം.