റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അദാനി ഗ്രൂപ്പില്‍ നിക്ഷേപം തുടര്‍ന്ന് ഇ.പി.എഫ്.ഒ.

March 28, 2023 - 11:01 am

ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് വെളിപ്പെടുത്തലുകളേത്തുടര്‍ന്നു വിവാദത്തിലായ അദാനി ഗ്രൂപ്പിന്റെ രണ്ട് കമ്പനികളില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗെനെസേഷന്‍ (ഇ.പി.എഫ്.ഒ) ഓഹരിനിക്ഷേപം തുടരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് എന്നീ കമ്പനികളിലെ ഓഹരിനിക്ഷേപം സെപ്റ്റംബര്‍ വരെ തുടരുമെന്നു സൂചന. കേന്ദ്രസര്‍ക്കാരിനു കീഴില്‍, രാജ്യത്തെ ഏറ്റവും വലിയ പെന്‍ഷന്‍ നിധിയാണ് ഇ.പി.എഫ്.ഒ.
അതേസമയം, ഇ.പി.എഫ്.ഒയുടെ നിക്ഷേപനയം ഇന്നലെയും ഇന്നുമായി ചേരുന്ന ട്രസ്റ്റി ബോര്‍ഡ് യോഗം പുനഃപരിശോധിച്ചേക്കും. അദാനി ഗ്രൂപ്പുകളിലെ നിക്ഷേപവും കേന്ദ്ര തൊഴില്‍മന്ത്രി ഭൂപേന്ദ്രയാദവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ചര്‍ച്ചചെയ്യുമെന്നാണു സൂചന.

ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടിയതടക്കം അദാനി ഗ്രൂപ്പിന്റെ സാമ്പത്തികക്രമക്കേടുകള്‍ സംബന്ധിച്ച് യു.എസ്. ആസ്ഥാനമായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ ജനുവരി 24-നു റിപ്പോര്‍ട്ട് പുറത്തുവിട്ടതിനേത്തുടര്‍ന്ന് കമ്പനിക്ക് ഓഹരിവിപണിയില്‍ വന്‍തിരിച്ചടി നേരിട്ടിരുന്നു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷിച്ചുവരുകയാണ്.
ഇ.പി.എഫ്.ഒ. 2015 ഓഗസ്റ്റ് മുതല്‍ ഓഹരിവിപണിയിലെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സി(ഇ.ടി.എഫ്)ല്‍ നിക്ഷേപം നടത്തുന്നുണ്ട്. ആകെ ഓഹരിനിക്ഷേപത്തിന്റെ 85 ശതമാനമാണിത്. തുടക്കത്തില്‍ 5% നിക്ഷേപം ഓഹരി വിപണിയിലിറക്കാനായിരുന്നു ഇ.പി.എഫ്.ഒയുടെ തീരുമാനം. 2016-17ല്‍ ഇത് 10 ശതമാനവും 2017-18 മുതല്‍ 15 ശതമാനവുമായി.

അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് 2015-ലും അദാനി എന്റര്‍പ്രൈസസ് 2022-ലുമാണു നിഫ്റ്റി 50-യുടെ ഭാഗമായത്. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചി(എന്‍.എസ്.ഇ)ല്‍ രജിസ്റ്റര്‍ ചെയ്ത 50 വമ്പന്‍ കമ്പനികളുടെ ശരാശരിയെ പ്രതിനിധീകരിക്കുന്ന അടിസ്ഥാനസൂചകമാണു നിഫ്റ്റി 50. 2022 മാര്‍ച്ചില്‍ ഇ.പി.എഫ്.ഒ. 1.57 ലക്ഷം കോടി രൂപയാണ് ഇ.ടി.എഫുകളില്‍ നിക്ഷേപിച്ചത്. ഇ.പി.എഫ്. അംഗങ്ങളുടെ അക്കൗണ്ടുകളിലുള്ള 2.54 ലക്ഷം കോടി രൂപയില്‍ 38,000 കോടി കൂടി 2022-23ല്‍ ഇ.ടി.എഫുകളില്‍ നിക്ഷേപിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, അദാനി ഗ്രൂപ്പിനെ സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ നീക്കം ഉപേക്ഷിക്കുമോയെന്നു വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *