റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
March 17, 2023 - 10:48 am


എടക്കര: സ്‌റ്റോക്ക് മാര്‍ക്കറ്റിങ് ട്രേഡിങ്ങിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. വഴിക്കടവ് മുണ്ടയില്‍ നാഫി അസോസിയേറ്റ്‌സ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന പൂവത്തിപ്പൊയില്‍ കാട്ടുമഠത്തില്‍ നിസാബുദീന്‍ (32), ബാര്‍ബര്‍മുക്ക് ചക്കിപ്പറമ്പന്‍ മുഹമ്മദ് ഫഹദ് വട്ടപ്പാടം, വടക്കന്‍ ഇല്യാസ് എടക്കര എന്നിവരെയാണ് വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതികള്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പോലീസ് പിടിയിലായത്. ഓഹരി വിപണിയില്‍ ലക്ഷങ്ങള്‍ മുടക്കിയാല്‍ കോടികള്‍ കൊയ്യാന്‍ സാധിക്കുമെന്ന് ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കിയാണ് സംഘം നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. ഈ കേസില്‍ വഴിക്കടവ് സ്വദേശിയുടെ 10 ലക്ഷം രൂപ കബളിപ്പിച്ച സംഭവത്തിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പണം നിക്ഷേപിച്ച ശേഷം തുടക്കത്തില്‍ ലാഭവിഹിതം എന്ന പേരില്‍ തുച്ഛമായ പണം മാത്രമാണ് ഇയാള്‍ക്ക് ലഭിച്ചത്.
നിരവധി പേര്‍ തട്ടിപ്പിനിരയായിരുന്നെങ്കിലും പ്രതികളുടെ ഭീഷണി മൂലം ആരും പരാതിയുമായി എത്തിയിരുന്നില്ല. കയ്യില്‍ പണമില്ലാത്തവരില്‍ നിന്നും പ്രതികള്‍ നിക്ഷേപകരുടെ പേരിലുള്ള ഭൂമി വരെയും നിക്ഷേപങ്ങളായി സ്വീകരിച്ചിരുന്നു. ഈ ഭൂമി പ്രതികളുടെ ബിനാമികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഷെയറില്‍ നിക്ഷേപിക്കുകയുംപിന്നീട് പ്രതികള്‍ സ്വന്തം പേരിലേക്ക് മാറ്റുകയുമായിരുന്നു. വില്ലാ പ്രൊജക്ട് എന്ന പേരിലും നിലമ്പൂര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന പേരിലും കോടികള്‍ തട്ടിപ്പ് നടത്തിയ ഇവര്‍ ഓഡിറ്റോറിയം പ്രൊജക്ട് എന്നി പേരില്‍ പുതിയ തട്ടിപ്പും ആരംഭിച്ചിരുന്നു. അറസ്റ്റിലായ പ്രതികളില്‍ നിന്ന് നിരവധി പ്രമാണങ്ങളും വ്യാജ എഗ്രിമന്റ്കളും പോലീസ് പിടിച്ചെടുത്തു.

പ്രതികളുടെ വഴിക്കടവിലെ ഓഫീസില്‍ നിന്നും നിരവധി ബാങ്ക് അക്കൗണ്ടുകളും, ചെക്ക് ബുക്കും കൂടാതെ നിരവധി മുദ്ര പേപ്പറുകളും കമ്പ്യൂട്ടറുകളും, പ്രതികളുടെ കാറും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫീസ് പോലീസ് പൂട്ടി സീല്‍ ചെയ്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധി പേര്‍ പരാതിയുമായി വഴിക്കടവ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. പണം നഷ്ടപ്പെട്ടവര്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ പോലീസ് മേധാവി സുജിത് ദാസ്.ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ഡി.വൈ.എസ്.പി. സാജു.കെ.ഏബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *