കോഴിക്കോട്: ഗോകുലം കേരള എഫ്.സി. ഐ ലീഗ് ഫുട്ബോള്‍ സീസണിലെ അവസാന മത്സരത്തിന് ഇന്നിറങ്ങും. രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനാണ് കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലെ എതിരാളികള്‍.
21 കളികളില്‍നിന്നു 36 പോയിന്റുള്ള ഗോകുലം മൂന്നാം സ്ഥാനം ഉറപ്പാക്കിയിരുന്നു. അത്രയും കളികളില്‍നിന്നു 42 പോയിന്റുമായാണു ശ്രീനിധി രണ്ടാം സ്ഥാനം ഉറപ്പാക്കിയത്. ചാമ്പ്യന്മാരായ റൗണ്ട് ക്ലാസ് പഞ്ചാബ് എഫ്.സി. അതേ സമയത്തു തന്നെ ട്രാവുവിനെ നേരിടും. 21 കളികളില്‍നിന്നു 49 പോയിന്റ് നേടിയ പഞ്ചാബ് എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കു സ്ഥാനക്കയറ്റം നേടി. 35 പോയിന്റുള്ള ട്രാവു നാലാം സ്ഥാനത്താണ്. പഞ്ചാബിനെ തോല്‍പ്പിക്കുകയും അതോടൊപ്പം ഗോകുലം തോല്‍ക്കുകയും ചെയ്താല്‍ ട്രാവു മൂന്നാം സ്ഥാനത്തെത്തും. ആരാധകര്‍ക്ക് ഇന്നത്തെ മത്സരം സൗജന്യമായി കാണാമെന്നു ഗോകുലം അധികൃതര്‍ വ്യക്തമാക്കി.
മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യുകയാണു തങ്ങളുടെ ലക്ഷ്യമെന്നു ഗോകുലം കോച്ച് ഫ്രാന്‍സെസ്ക് ബോണറ്റ് പറഞ്ഞു. ഇന്നലെ നടന്ന മത്സരങ്ങളില്‍ മുഹമ്മദന്‍ 5-2 നു സുദേവ ഡല്‍ഹിയെയും ചര്‍ച്ചില്‍ ബ്രദേഴ്സ് 1-0 ത്തിനു നെരോക്കയെയും റയാല്‍ കശ്മീര്‍ 1-0 ത്തിനു രാജസ്ഥാന് യുണൈറ്റഡിനെയും തോല്‍പ്പിച്ചു. കെങ്ക്രിയും ഐസ്വാളും തമ്മില്‍ നടന്ന മത്സരം 2-2 നു സമനിലയായി. സ്വന്തം തട്ടകമായ കിഷോര്‍ ഭാരതി ക്രീരാംഗനിലാണു മുഹമ്മദന്‍ അഞ്ച് ഗോളുകളടിച്ചത്. മുഹമ്മദനു വേണ്ടി അബിയോള ദൗദ ഹാട്രിക്കടിച്ചു. ഫൈസല്‍ അലി, നികോള സ്റ്റോയാനികോവിച് എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. അലക്സിസ് ഗോമസ്, ലാമന്സാങ്സുയേല എന്നിവരാണു സുദേവയ്ക്കു വേണ്ടി ഗോളടിച്ചത്. 22 കളികളില്‍നിന്ന് 26 പോയിന്റ് നേടിയ മുഹമ്മദന്‍ എട്ടാമതും 13 പോയിന്റ് നേടിയ സുദേവ ഏറ്റവും പിന്നില്‍ 12-ാമതുമാണ്. 11, 12 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത കെങ്ക്രിയും സുദേവയും ഐ ലീഗില്‍നിന്നു തരംതാഴ്ത്തപ്പെട്ടു. 22 കളികളില്‍നിന്ന് 25 പോയിന്റ് വീതം നേടിയ രാജസ്ഥാന് യുണൈറ്റഡ് ഒന്പതാമതും നെരോക്ക പത്താമതും ഫിനിഷ് ചെയ്തു. റയാല്‍ കശ്മീര്‍ 34 പോയിന്റുമായി അഞ്ചാമതായി. 33 പോയിന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്സ് ആറാമതും 26 പോയിന്റുള്ള ഐസ്വാള്‍ ഏഴാം സ്ഥാനത്തുമായി.



