അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സാഹ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു. ആയിരത്തില്‍ താഴെയാണ് മണിക് സാഹയുടെ ഭൂരിപക്ഷം. എതിര് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ ആശിശ് കുമാര്‍ സാഹയെ 832 വോട്ടിനാണ് സാഹ മറികടന്നത്. ചരിത്ര വിജയം നേടി 2018 ല്‍ അധികാരത്തിലെത്തിയ ബിജെപി ആദ്യം മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റിയാണ് മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. തിരഞ്ഞെടുപ്പിന് 9 മാസം മുന്‍പ് മാത്രമായിരുന്നു ദന്ത ഡോക്ടറായ മണിക് സാഹയെ സര്‍ക്കാരിനെ നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത്. എംഎല്എപോലുമല്ലാതിരുന്ന മണിക് സാഹ ഉപതിരഞ്ഞെടുപ്പിലൂടെയാണ് സഭയിലെത്തിയത്. ബിപ്ലബ് കുമാര്‍ ദേബിന്റെ ജനപ്രീതി കുറഞ്ഞതാണ് നേതൃമാറ്റത്തിന് ഇടയാക്കിയത്.



