റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലയിലെ സ്‌കൂളുകൾക്ക് കൈറ്റിന്റെ 2234പുതിയ ലാപ്‌ടോപ്പുകൾ

February 10, 2023 - 8:20 am

*വാറണ്ടി  തീർന്ന ഐടി ഉപകരണങ്ങൾക്ക് രണ്ട് വർഷ എ.എം.സിയും

തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് പുതുതായി 2234 ലാപ്‌ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഇതിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ വിന്യസിച്ച 9507 ലാപ്‌ടോപ്പുകൾക്ക് പുറമെയാണ് ഹൈടെക് ലാബുകളിലേക്ക് അഞ്ചുവർഷ വാറണ്ടിയോടെയുള്ള 1600 ലാപ്‌ടോപ്പുകൾ പുതുതായി ലഭ്യമാക്കുന്നത്.  ഇതിനു പുറമെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതുതായും പുനഃക്രമീകരണം നടത്തിയും 634 ലാപ്‌ടോപ്പുകൾ സ്‌കൂളുകൾക്ക് കൈറ്റ് ലഭ്യമാക്കും. അഞ്ചു വർഷ വാറണ്ടി തീരുന്ന ലാപ്‌ടോപ്പുകൾക്കും പ്രൊജക്ടറുകൾക്കും രണ്ട് വർഷത്തെ എ.എം.സി (Annual Maintenance Contract) പരിരക്ഷയും കൈറ്റ് ഉറപ്പാക്കുന്നുണ്ടെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

ഈ കാലയളവിനുള്ളിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്‌കൂളുകൾ വെബ് പോർട്ടലിൽ നൽകണം. മുഴുവൻ ഉപകരണങ്ങൾക്കും പ്രകൃതിക്ഷോഭം മൂലമുള്ള കേടുപാടുകൾ, മോഷണം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിലെ ഐടി ഉപകരണങ്ങൾ വിവിധ വിഭാഗങ്ങൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് പൊതുവായി പ്രയോജനപ്പെടുത്തണം. സ്‌കൂളുകളിലേക്ക് സർക്കാരിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ www.kite.kerala.gov.in ൽ ലഭ്യമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാത്തതും ലൈസൻസ് നിബന്ധനകളുള്ളതും  സ്‌കൂളുകളിൽ വിന്യസിക്കാൻ പാടില്ല.  സ്‌കൂളുകൾക്കായി പുറപ്പെടുവിച്ചിട്ടുളള സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ സ്വകാര്യ സെർവറുകളിൽ സൂക്ഷിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ നടത്താൻ പാടില്ല എന്നും മാർഗനിർദേശങ്ങളിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *